jump to navigation

പുരാവസ്തു ഓഗസ്റ്റ് 2, 2006

Posted by Sudhir in കഥകള്‍.
1 comment so far

ചീവീടുകളുടെ താഴ്‌വരയിലൂടെ നടന്ന് പുഴ കടന്ന്, കുന്നിനു മുകളിലെ ലാബിലെത്തുമ്പോള്‍ ടോറിയൊ നന്നെ ക്ഷീണിച്ചിരുന്നു. ഇതു പതിവില്ലാത്തതല്ല. സൂര്യനുദിച്ചിട്ടില്ല. ആഴക്കടലിന്റെ അടിത്തട്ടില്‍ നിന്നും കൂട്ടുകാരി പിന്റസിനോടൊപ്പം ഖനനം ചെയ്തെടുത്ത നൂറു നൂറു പുരാതന വസ്തുക്കള്‍  ലാബിന്റെ തെക്കു വശത്തുള്ള വലുപ്പമേറിയ മുറിയില്‍ അടുക്കും ചിട്ടയുമായി വച്ചിരുന്നു. മണ്ണടിഞ്ഞുപോയ ജന്തുക്കളുടെ അവശിഷ്ടങ്ങള്‍ തന്നെ തുറിച്ചു നോക്കിയോ? “നിനക്കു വട്ടാണ്” എന്നു പിന്റസ് പറയാറുള്ളതോര്‍ത്ത് ടോറിയോ ഊറിച്ചിരിച്ചു.

ഇന്നും അന്തിയോളം ജോലി ചെയ്യാനുണ്ടാവും. ഈ വേഗത്തില്‍ ചെയ്തെങ്കിലേ വര്‍ഷാവസാനത്തെക്കെങ്കിലും തന്റെ ഗവേഷണഫലം അവതരിപ്പിക്കാനാവൂ. ടോറിയോ വൈകാതെ ജോലിയാരംഭിച്ചു. താഴിട്ടടയ്ക്കാവുന്ന ജനാലയ്ക്കപ്പുറം പുലരും മുന്‍പുള്ള ചാരനിറം മൂടിക്കിടന്നു

കാലത്തിന്റെ കണ്ണാടിയാണ് പുരാവസ്തുക്കള്‍ . അവയെ പറ്റി പഠിക്കുന്ന ഓരോരുത്തരോടും അവയ്ക്ക് ഓരോ കഥ പറയാനുമുണ്ടാകും. കാലത്തിന്റെ പാളികള്‍ക്കുള്ളില്‍ വായനക്കാരനെ  കാത്തിരിക്കുന്ന കഥാകാരന്മാരാണവ. യൌവനത്തിന്റെ, രതിനിര്‍വേദത്തിന്റെ, പേറ്റുനോവിന്റെ, ചതിയുടെ, നാശത്തിന്റെ, നന്മയുടെ, നിലയ്ക്കാത്ത പ്രളയത്തിന്റെ വറ്റാത്ത കഥകള്‍ . ചീഞ്ഞളിഞ്ഞു പോയ ഹിംസയുടെയും അഹങ്കാരത്തിന്റെയും കടംകഥകള്‍ . കഥകള്‍ കേട്ട് തങ്ങള്‍ക്കായി ഒരു കണ്ണീരെങ്കിലും പൊടിയുന്നോ എന്ന് നിര്‍ന്നിമേഷമായി നോക്കിക്കൊണ്ട് അവയിരിക്കും. ഇല്ലെന്നറിയുമ്പോള്‍ കണ്ണീരോ വിങ്ങുന്ന ഹൃദയമോ ഒന്നുമില്ലാതെ വ്യസനത്തിന്റെ വേനല്‍ അവരെ ചൂഴുകയും ചെയ്യും.

“ങാഹാ… വട്ടാ നീയെന്നെ വെട്ടിച്ച് നേരത്തേയെത്തിയോ” മുന്‍‌വാതില്‍ തള്ളിത്തുറന്ന് പിന്റസ് കയറി വന്നു. അവളെ നോക്കി ചിരിച്ചു.

അവള്‍ എപ്പോഴും ഇങ്ങനെയാണ്. കാറ്റു പോലെ വരും കാറ്റു പോലെ ഇറങ്ങിപ്പോവുകയും ചെയ്യും. വന്നാലോ ചിട്ടവട്ടങ്ങളൊക്കെ മാറ്റിമറിച്ച്, വീണ്ടും വീണ്ടും ആഗ്രഹിക്കുന്ന ഒരു ശല്യം പോലെ. “നീ നേരത്തെ തുടങ്ങിയല്ലേ പണി? ആര്‍ച്ചസ് സംസ്കാരത്തെപറ്റിയും അവയുടെ പതനത്തെപറ്റിയും ഒക്കെ വിവരിക്കുന്ന ഒരു ലേഖനമാണ്. ഈയാഴ്ചത്തെ “പുരാതന”ത്തില്‍ വന്നത്. രാത്രി പുതപ്പിനകത്തിരുന്നു വായിക്ക്”. തുറന്നു വച്ച ലേഖനം മേശപ്പുറത്തേക്കിട്ട് അവള്‍ അപ്പുറത്തെ മുറിയിലേക്കു പോയി.

ഒരു പക്ഷേ ഇവളാകണം ഈ ഗവേഷണത്തിലേക്ക് തന്നെ വലിച്ചിട്ടതില്‍ മുഖ്യ പ്രതി. അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം ഗോത്രത്തിനു പുറത്തുള്ള ഒരാളോടൊപ്പം ഗവേഷണം ചെയ്യുമായിരുന്നോ? ഗവേഷണത്തിനപ്പുറം ജീവിതത്തിലേക്ക് അവളെ വലിച്ചടുപ്പിക്കാനാവാത്ത വിധം ജൈവികമായി അകന്നവരായിട്ടും?

പണ്ട് മുത്തശ്ശി പറഞ്ഞു തന്നതാണ് കാനോവയുടെ കഥ. വംശങ്ങളുടെ തുടര്‍ച്ചയിലൂടെ അമരത്വം പ്രാപിക്കാമെന്നു പാട്ടു പാടി പഠിപ്പിക്കാന്‍ ശ്രമിച്ച കാനോവ.  കഥ കേട്ട നാള്‍ മുതല്‍ കാനോവയായി സ്വയം സങ്കല്‍പ്പിച്ചിരുന്നു. പുരാവസ്തുക്കള്‍ ചികഞ്ഞെടുത്ത് കണ്ണികള്‍ വിളക്കി ചേര്‍ക്കാനിറങ്ങിയതിനു പോലും കാനോവയുടെ കഥയോടാവണം മറ്റൊരു കടപ്പാട്.

“നാശം! അവനിപ്പോഴും താണ്ഡവാഗ്നിയോടാണ് കൂറ്. ഇത്തവണത്തെ കുടുംബോത്സവത്തിനും അവനില്ല!” പിന്റസ് ദേഷ്യത്തിലാണ്. അങ്ങ് ദൂരെയുള്ള പഠനശാ‍ലയില്‍ നീലരശ്മികളില്‍ നിന്നും അനന്തനാളങ്ങള്‍ നിര്‍മ്മിക്കാനുള്ള ഗവേഷണത്തില്‍ മുഴുകിയ സ്വന്തം കൂടപ്പിറപ്പിനെപറ്റി പിന്റസിനെന്നും പരാതികളാണ്. നമ്മുടെ ഗ്രഹത്തിനാവശ്യമായ മുഴുവന്‍ ഊര്‍ജ്ജവും  ഒരോലപ്പന്തിനോളം വരുന്ന ലോഹത്തില്‍ നിന്നും നിര്‍മ്മിക്കാമെന്നാണ് പിന്റസ്സിന്റെ സഹോദരന്റെ വിശ്വാസം. ഇത്തരം സ്ഥിരം പരാതികളോട്, കൂടപ്പിറപ്പാരുമില്ലാത്ത താന്‍ പുഞ്ചിരിക്കുകയല്ലാതെന്തു ചെയ്യും?

ഇരു കാലികളെങ്കിലും പിന്റസിന്റെയും തന്റെയും ഗോത്രങ്ങള്‍ അങ്ങേയറ്റം വ്യത്യസ്തമാണ്. താല്പര്യങ്ങള്‍ പോലും അമ്പേ വ്യത്യസ്തം. പിന്റസിന്റെ ഗോത്രത്തില്‍ മിക്കവരും ഊര്‍ജ്ജതന്ത്രത്തില്‍ വിശാരദന്മാരാണ്. തന്റെ കൂട്ടര്‍ക്കാകട്ടെ ചരിത്രത്തിലും സാഹിത്യത്തിലും ഒക്കെയാണ് താല്പര്യം. എങ്കിലും സ്വന്തം കൂട്ടരില്‍ നിന്നും വേറിട്ട പ്രകൃതമാണ് പിന്റസിന്റേത്. അതാവണം അവള്‍ എനിക്കേറ്റവും പ്രിയപ്പെട്ടവളാക്കിയത്. പക്ഷേ…

“പിന്റസ്! നിന്നോട് ചോദിക്കാതെ വയ്യ” അവള്‍ ചോദ്യഭാവത്തില്‍ നോക്കി. ഇന്നലെ മുതല്‍ ഒരു പ്രത്യേകതരം തലയോട്ടി പരിശോധിക്കുകയാണ് ഞാന്‍ . അതി പുരാതനമാണത്. മരണസമയത്ത് ഈ ജീവി പൂര്‍ണ്ണാരോഗ്യത്തിലായിരുന്നിരിക്കണം. എല്ലുകളുടെ സങ്കലന പരിശോധനയും നടത്തി. എനിക്കൊരു പിടിയും കിട്ടുന്നില്ല”

“നീയൊന്നു ശ്രദ്ധിച്ചോ.. ഈയെല്ലാ പുരാവസ്തുക്കളും ഒരേ കാലത്തെയാണ്. സങ്കലന പരിശോധന നോക്കിയാലറിയാം, ഒരേ സമയത്ത് ഇവയ്ക്ക് എല്ലാം ഒരു പോലെ ഒരേ മാറ്റം സംഭവിച്ചെന്ന്. ഏകദേശം ഒരു ദശലക്ഷം സൂര്യവര്‍ഷങ്ങള്‍ക്കും മുന്‍പ്‌!”

കാഴ്ചയില്‍ തലയോട്ടിക്കും എല്ലുകള്‍ക്കും പിന്റസിന്റെ ജാതിക്കാരോടാണ് കൂടുതല്‍ സാമ്യം. പക്ഷേ നെറ്റിത്തടത്തിന് വീതി കുറവാണ്. തലയോട്ടിയുടെ ഉള്ളിലാകട്ടെ വ്യാപ്തി അല്പം കുറവും.

“ഈ തലയോട്ടിയുടെ ഖനിയില്‍ നിന്നും ധാരാളം ഉപകരണങ്ങളും അവശിഷ്ടങ്ങളും കിട്ടിയിട്ടുമുണ്ട്. ഒരു പക്ഷേ സവിശേഷമായ ഒരു നാഗരികതയാവണം”

“എങ്കില്‍ അതെവിടെ?” എങ്ങനെ മണ്ണടിഞ്ഞു?”

“ചോദ്യങ്ങള്‍ എളുപ്പമാണ് പിന്റസ്!“

അവള്‍ അടുത്ത് വന്നിരുന്ന് സങ്കലന പരിശോധനയുടെ വിശദാംശങ്ങള്‍ വായിക്കാന്‍ തുടങ്ങി. ഉത്തരമില്ലാത്ത ചോദ്യങ്ങളും പിന്റസിന്റെ ഗന്ധവും ടൊറിയോവിനെ ഒരു പോലെ മഥിച്ചു. ഇണ ചേരാന്‍ ആകാത്ത വിധം അവരുടെ ഗോത്രങ്ങളെ ജൈവികമായി അകറ്റിയ ആ പുരാതന യുഗത്തിലേക്ക് അവന്‍ പ്രാകിത്തുപ്പി.

“എന്തായിരിക്കും ഈ സംസ്കൃതിയുടെ രഹസ്യം?” പിന്റസ് ചോദിച്ചു കൊണ്ടേയിരുന്നു. പുലരുവാന്‍ ഇനി കഷ്ടിച്ച് ഒരു നാഴികയുണ്ടാവാം.

മുറിയിലെ വെളിച്ചം തലയോട്ടിയില്‍ നീലിച്ചു നിന്നു. ഉത്തരം പറയാന്‍ തലയോട്ടി ശ്രമിച്ചുവോ? അതോ യുഗാന്തരങ്ങളുടെ പശ്ചാത്താപമായിരുന്നോ ആ കണ്‍കുഴികളില്‍ ?

അങ്ങകലെ സൂര്യവെളിച്ചത്തിന്റെ ചിറകടി. ടോറിയോ പിന്റസിനോട് ചേര്‍ന്നിരുന്ന് അവളുടെ നെഞ്ചില്‍ തലചേര്‍ത്തു വച്ചു.