jump to navigation

കവിയും കര്‍ഷകനും ജൂണ്‍ 27, 2006

Posted by Sudhir in നുറുങ്ങു കവിതകള്‍.
3 comments

കവിയ്ക്കും കര്‍ഷകനും പങ്കു വയ്ക്കാനെന്തുണ്ട്?
ഒരക്ഷരത്തിന്റെ കൂട്ട്
അല്ലെങ്കില്‍ കാത്തിരിപ്പിന്റെ നെഞ്ചിടിപ്പ്.

ഒരുവന്‍ ചേറിന്‍ മഹിമയുടെ പാട്ടുകാരന്‍
ഇവനോ, ചേറ്റില്‍ നിന്നും മുത്തു കൊയ്യുന്നവന്‍.

മൌനത്തില്‍ നിന്നും,
മനനത്തിന്റെ കരിമേഘങ്ങളില്‍ നിന്നും,
മഴയുടെ സംഗീതം മെനഞ്ഞ കവിയ്ക്കും,
മഴയുടെ സംഗീതത്തിനായി
കാതോര്‍ത്ത്, മനം നൊന്ത്
മൌനത്തിന്റെ കരിമ്പടം
പുതച്ചിരിക്കും കര്‍ഷകനും
എന്തുണ്ട് പങ്കു വയ്ക്കാന്‍,
നോവിന്റെ ഈ ഇതളല്ലാതെ?

കനവുകള്‍ വാരിക്കൂട്ടി
തീ കാഞ്ഞിരിക്കുമ്പോള്‍,
ദുരൂഹമായ മന്ദഹാസത്തോടെ,
കര്‍ഷകന്‍ കവിയോട് ചോദിച്ചു:
നിലാവു വീഴാത്ത വഴികളില്‍,
തീനാളങ്ങളിഴയുമ്പോള്‍
നീയെന്തേ ചിന്തിക്കുന്നൂ?

ഇരുട്ടിനെ വിഴുങ്ങുന്ന രോഷത്തെപ്പറ്റി,
വിശുദ്ധമായ പ്രതികാരത്തെപ്പറ്റി,
സഫലമായ കാമത്തെപ്പറ്റി,
ദുഃഖത്തെ വിയര്‍പ്പാക്കി മാറ്റുന്ന
ഉഷ്ണത്തെപ്പറ്റി..
നീയോ?

നാളങ്ങളില്‍ മുഖം പൂഴ്ത്തിയ
നിഴലിനെപ്പറ്റി,
രതിയുടെ വിരസതയെപ്പറ്റി,
വിയര്‍പ്പിന്റെ ദുഃഖത്തെപ്പറ്റി.

നമുക്കു പൊതുവായെന്തുണ്ട്, പകുക്കാന്‍,
ഒറ്റപ്പെടലിന്റെ ഈ നെഞ്ചിടിപ്പല്ലാതെ?

അധിനിവേശത്തിന്റെ ഭാഷ, അതോ മറിച്ചോ? ജൂണ്‍ 18, 2006

Posted by Sudhir in രാഷ്ട്രീയം, വെറും വാക്ക്‌.
10 comments

അമേരിക്ക പല തരം. തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, മധ്യ അമേരിക്ക എന്നൊക്കെ. പക്ഷേ, അമേരിക്കയെന്നാല്‍ നമുക്കെല്ലാം വടക്കെ അമേരിക്കയിലെ U.S.A തന്നെ. മാധ്യമങ്ങളും അത്തരത്തില്‍ തന്നെ വിവക്ഷിക്കുന്നതും.

middle east എന്നാല്‍ നമുക്കെല്ലാം സുപരിചിതം. ധാരാളം മലയാളികള്‍ ഉപജീവനം കണ്ടെത്തുന്ന പുണ്യഭൂമി. സായിപ്പന്മാര്‍ എണ്ണയ്ക്കു കുഴിച്ചു കുഴിച്ച് പാലസ്തീന്റെ നെഞ്ചു വരെ കുത്തിക്കുഴിച്ചതും നമുക്കെല്ലാം സുപരിചിതം. ഈ middle east, middle east ആയതെങ്ങനെ? അറേബ്യക്കും കിഴക്കുള്ള നമ്മളെന്തേ middle east എന്നു വിളിക്കുന്നൂ?

യു.എസ്.എ. എന്ന അമേരിക്കയില്‍ പല തരം അമേരിക്കക്കാരുണ്ട്. ആഫ്രിക്കന്‍ അമേരിക്കന്‍, ഏഷ്യന്‍ അമേരിക്കന്‍, ഇന്ത്യന്‍ അമേരിക്കന്‍ തുടങ്ങി പല തരം. എന്തു കൊണ്ടൊ യൂറൊപ്പീയന്‍ അമേരിക്കന്‍ എന്നധികം കേട്ടിട്ടില്ല. 1492-ല്‍ അധിനിവേശത്തിന്റെ തിന്മകളെല്ലാം പാസ്സായ സാക്ഷാല്‍ കൊളമ്പസിനെ സ്വീകരിച്ചിരുത്തിയ നിഷ്കളങ്കരായ ഒറിജിനല്‍ അമേരിക്കക്കാരനും ഒരു പേരുണ്ട്: അമേരിക്കന്‍ ഇന്‍ഡ്യന്‍.

ഈ വാക്കുകളിലെ മായാജാലം യാദൃശ്ചികമോ?

തെച്ചി ജൂണ്‍ 16, 2006

Posted by Sudhir in ചിത്രങ്ങള്‍.
add a comment

നാണത്താല്‍ തുടുത്തപ്പോള്‍,
കോപത്താല്‍ തിളച്ചപ്പോള്‍,
പ്രണയത്തില്‍ പുല്‍കിയപ്പോള്‍,
വേദനയില്‍ വിതുമ്പിയപ്പോഴും,
നിനക്കൊരേ ഛായയായിരുന്നു.

വേനലിന്‍ വറുതിയില്‍,
ഇറയത്തെ പൂഴിയില്‍
ഒരുമിച്ചു വിരുന്നെത്തിയ,
തെച്ചിതന്‍ മന്ദഹാസത്തിന്റെ,
മങ്ങാത്ത ഊഷ്മഛായ!

പദ്മ ഗൂഗിളിന്റെ കൂട്ടുകാരി. ഏന്റെയും. ജൂണ്‍ 16, 2006

Posted by Sudhir in വെറും വാക്ക്‌.
10 comments

ഒരു പക്ഷേ ഇതൊരു വാര്‍ത്തയേ ആവില്ല. മലയാളം ബൂലോകര്‍ക്കറിയാവുന്ന ഒരു സാദാ കാര്യമാണെങ്കില്‍ കൂമനോട്‌ അങ്ങു ക്ഷമിച്ചാട്ടെ.

രണ്ടു മൂന്ന് മുന്‍പ്‌, മലയാളം വിക്കിപ്പീഡിയയില്‍ പരതി നടന്ന കാലം. അന്നും വരമൊഴി തന്നെ ശരണം. പക്ഷെ ഗൂഗിളില്‍ മലയാളം യൂണികോഡില്‍ കശ്ശക്കാന്‍ എന്തു വഴി? ഗൌരവമുള്ള എഴുത്തുകള്‍ക്ക്‌ വരമൊഴി സൂപ്പറാണെങ്കിലും ഒന്നോ രണ്ടോ വാക്കുകള്‍ ഗൂഗിളില്‍ ടൈപ്പ്‌ ചെയ്യാന്‍ ബ്രൌസറില്‍ തന്നെ, അന്നെന്റെ അറിവില്‍ സംവിധാനമില്ല. മാത്രവുമല്ല, cygwin-വരമൊഴി തമ്മില്‍ത്തല്ലു കാരണം എല്ലായിടത്തും വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്യുക പ്രായോഗികവുമായിരുന്നില്ല. (ഈയിടെ അതിനും ഒരു ചുറ്റിക്കളി – workaround – കണ്ടിട്ടുണ്ട്‌.)

ഈയിടെയാണ്‌ പദ്മയെന്ന ഫയര്‍ഫോക്സ്‌ എക്സ്റ്റെന്‍ഷനെ പറ്റി അറിയുന്നത്‌. വരമൊഴിയിലെ ലിങ്കു വഴിയാണ്‌ അവിടെത്തിയത്‌. എന്തായാലും പദ്മേച്ചിയെ ഫയര്‍ ഫോക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഗൂഗിളില്‍ സൌകര്യമായി തെരയാം.
1. പദ്മ എക്സ്റ്റെന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. (ഇവിടെ ക്ലിക്ക്‌ ചെയൂ)
2. ഗൂഗിളില്‍ പോയി പരതല്‍പ്പെട്ടിയില്‍ kUman എന്ന് ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്യുക.
3. kUman സെലെക്റ്റ്‌ ചെയ്ത്‌ വലതു ക്ലിക്കി INTRANS to Malayalam സെലെക്റ്റ്‌ ചെയ്യുക. സെര്‍ച്ച്‌ ബോക്സില്‍ "കൂമന്‍" ആയി മാറുകയും, സെര്‍ച്ച്‌ ചെയ്യുന്ന പക്ഷം കൂമന്റെ ബ്ലൊഗ്‌ പ്രത്യക്ഷമാവുമയും ചെയ്യും.

പക്ഷേ ഒരേയൊരു സങ്കടം. സെര്‍ച്ച്‌ പട്ടികയില്‍ വളരെ താഴെയാണ്‌ കൂമന്റെ സ്ഥാനം. നമ്മുടെ കൂമന്‍പള്ളി ഒന്നാമതങ്ങനെ വിലസി വിരാജിക്കുന്നു.

കറുത്തീയം, വെളുത്തീയം, (അ)രാഷ്ട്രീയം ജൂണ്‍ 14, 2006

Posted by Sudhir in രാഷ്ട്രീയം.
add a comment

ആദ്യം പറഞ്ഞ രണ്ടു ലോഹങ്ങളും പല അളവില്‍ ഉരുക്കിച്ചേര്‍ത്താണ്‌ രാഷ്ട്രീയം നിര്‍മ്മിക്കുന്നത്‌. രാഷ്ട്രീയത്തിലെ കറുത്തീയത്തിന്റെ സാന്ദ്രത നോക്കിയാല്‍ അതിന്റെ മാറ്റ്‌ ഉരച്ചു നോക്കാതെ തന്നെ കണ്ടു പിടിക്കാവുന്നതാണ്‌. ഈ പ്രത്യേക ലോഹത്തിന്റെ ഗുണവും ദോഷവും ഒന്നു തന്നെ. ഈ അത്ഭുത ലോഹം, ഉപ്പു മുതല്‍ കര്‍പ്പൂരം വരെയും കപ്പല്‍ മുതല്‍ കപ്പലണ്ടി വരെയും, പ്ലാച്ചിമട മുതല്‍ പാരീസു വരെയും എല്ലാത്തിലും കലര്‍ന്നു കിടക്കുന്നു. കൊടുക്കാനും കൊല്ലാനും കഴിവുള്ള ഈ ലോഹത്തെപ്പറ്റി പഠിക്കാന്‍ വിസമ്മതിക്കുന്നവന്‍ ദൈവദോഷിയാണെന്ന് ആരോപിച്ചു കൊണ്ട്‌ ഈ രാഷ്ട്രീയക്കുറിപ്പ്‌ ചുരുക്കുന്നു.

കത്ത്‌ ജൂണ്‍ 13, 2006

Posted by Sudhir in നുറുങ്ങു കവിതകള്‍.
6 comments

വിഷാദത്തിന്റെ വിറയാര്‍ന്ന തിരി.
വസന്തത്തിന്റെ ഓര്‍മ.
സൌഹൃദങ്ങളുടെ, പുറം ചട്ട കീറിയ
പഴയ പുസ്തകങ്ങള്‍.

ഇതെന്റെ വായനാ മുറി.

അയലത്തെ മുറിയില്‍
മകളും ഉടയോളും ഉറങ്ങുന്നു.

പൊടി മൂടിയ പങ്കയുടെ
വരണ്ട മൂളിച്ച എന്നെ
ഉറക്കത്തിലേക്കു
മുക്കിത്താഴ്ത്തുന്നു.

എങ്കിലും എനിക്കീ കത്ത്‌
മുഴുമിക്കാതെ വയ്യ.
എന്നെ മറന്ന, ഞാന്‍ മറന്ന
എന്റെ കൂട്ടുകാരിക്ക്‌
അയക്കപ്പെടാന്‍ വേണ്ടിയല്ലാത്ത
ഒരു കത്ത്‌.

ഓടിത്തളര്‍ന്ന കാലുകളിടറി
വിസ്മൃതിയുടെ വിശറിക്കടിയില്‍
അഭയാര്‍ഥിയായി
ഇരുട്ടിന്റെ നടവഴിയിലേക്ക്‌
ഇറങ്ങി മായും മുന്‍പ്‌
സ്മരണയുടെ, വിയര്‍പിന്റെ
കയ്പുള്ള ഒരു കയ്യൊപ്പ്‌.

കാലമേ, തലമുറകളും കടന്ന്
നീയീ കത്താ കൈകളിലെത്തിച്ചാലും

സ്വയം പുരാണം ജൂണ്‍ 13, 2006

Posted by Sudhir in വെറും വാക്ക്‌.
3 comments

owl.jpg

ഞാന്‍ കൂമന്‍. മരപ്പൊത്തില്‍ വാസം, ഇരുട്ടില്‍ ഇര പിടുത്തം. അമാവാസിയില്‍ പതുങ്ങി വരുന്ന തിരുടകശ്മലന്മാരെ നോക്കി ഞാനമര്‍ത്തി മൂളാറുണ്ട്‌. ചില മുല്ലവള്ളികളും, അഞ്ചാറു നിശാ ശലഭങ്ങളും ചീവീടുകളും ഒഴികെ സുഹൃത്തുക്കള്‍ കമ്മി. പകലിന്റെ കാപട്യത്തെക്കാള്‍ എനിക്കു പഥ്യം രാത്രിയുടെ കളങ്കമാണ്‌.

ഓണബഡ്ജറ്റ്‌ ജൂണ്‍ 12, 2006

Posted by Sudhir in നുറുങ്ങു കവിതകള്‍.
5 comments

ഓണമിങ്ങെത്തുവാന്‍ ആറേഴു നാളുകള്‍
ഉണ്ണിക്ക്‌, ഉടയോള്‍ക്കുമുടുപുടവ വാങ്ങണം,
അഛനുമമ്മയ്ക്കും മല്‍മുണ്ടെടുക്കണം,
ഓപ്പോള്‍ക്കു സാരി, കുട്ട്യോള്‍-
ക്കടുക്കളപ്പാത്രക്കളിക്കൂട്ടംവാടക കൂടുതല്‍ വാങ്ങുവാനോങ്ങുന്ന
വീട്ടുടമയ്ക്കൊരു മേല്‍മുണ്ടു വാങ്ങണം
ഓണമന്നന്തിക്കു പടിയിറങ്ങും മുന്‍പു,
വാങ്ങി വായിക്കണം
സാഹിത്യ വാരികാ വര്‍ഷപ്പതിപ്പിലെ,
ഓ.എന്‍.വി.സാറിന്റെ "നൊമ്പരമുത്തുകള്‍"

പദ്മനാഭന്‍ തന്ന കാല്‍പണം കൊണ്ടു ഞാന്‍
അത്ഭുതം കാട്ടുവാന്‍ എന്നെ തുണയ്ക്കു നീ!

പൂച്ചയ്ക്കാരു മണി കെട്ടും? ജൂണ്‍ 12, 2006

Posted by Sudhir in രാഷ്ട്രീയം.
4 comments

ഇന്നത്തെ വാര്‍ത്ത കേട്ടോ? ഗ്വാണ്ടാനമോ ജയിലില്‍ 3 പേര്‍ ആത്മഹത്യ ചെയ്തു. സ്വാതന്ത്ര്യത്തിന്റെ കാവല്‍ക്കാരുടെ ഉരുട്ടലും പ്രയോഗങ്ങളും സഹിക്കാന്‍ വയ്യാതെ

അവര്‍ ചെയ്ത കുറ്റം എന്തോ ആകട്ടെ, കുറ്റക്കാരെ നീതിപീഠത്തിന്റെ മുന്നില്‍ കൊണ്ടു വരികയല്ലേ പരിഷ്ക്കൃത സമൂഹത്തിന്റെ രീതി? 4-5 കൊല്ലം മൃഗത്തെപ്പോലെ ദുരിതം മാത്രം തിന്നു കഴിയേണ്ടി വന്നാല്‍ ആരും ഇതു തന്നെ ചെയ്യും. അതും വീട്ടുകാരേയോ വക്കീലിനെ പോലുമോ കാണാനാകാതെ

ഈശ്വരന്മാരേ! ലോകനീതി അമേരിക്കക്കാര്‍ക്കു മാത്രമുള്ളതല്ലാന്ന് ഈ ബുഷിനോട്‌ ആരു വിളിച്ചു പറയും? പൂച്ചക്കു കെട്ടാന്‍ മണിയുണ്ട്‌, പക്ഷെ ചരടിനു നീട്ടം ഇല്ല്ലാത്രേ!