jump to navigation

ഗ്രാവിറ്റി സെപ്റ്റംബര്‍ 11, 2006

Posted by Sudhir in തരംതിരിക്കാത്ത.
12 comments

ഗ്രാമത്തിലെ ആളൊഴിഞ്ഞ അമ്പലപ്പറമ്പിനടുത്ത് ചുവന്നു തുടുത്ത ആപ്പിളുകളുമേന്തി മഹാവൃക്ഷം നിന്നു. വൃക്ഷച്ചുവട്ടില്‍ ധ്യാനനിരതനായി ന്യൂട്ടണും. ന്യൂട്ടണെ നോക്കി അശ്ലീലത്തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും ആപ്പിളുകള്‍ സമയം പോക്കുന്നതിനിടയില്‍ കൂട്ടത്തിലൊരാപ്പിളിന് ഒരു തമാശതോന്നി. ആയത്തില്‍ താഴേക്ക്, ന്യൂട്ടന്റെ തലയ്ക്കു മുകളിലേക്ക് അതെടുത്തു ചാടി, പിന്നെ കൈ കൊട്ടിയാര്‍ത്തു. പക്ഷെ, ന്യൂട്ടന്റെ ധ്യാനം കൂടുതല്‍ മുറുകിയതേയുള്ളു.

ധ്യാനത്തിന്റെ പരിസമാപ്തിയില്‍ ബോധോദയത്തിന്റെ ഉഷ്ണത്തില്‍ ന്യൂട്ടണ്‍ മൂര്‍ച്ഛിച്ചു. കാറ്റാഞ്ഞടിക്കുകയും ലതാദികള്‍ ഉന്മാദത്തില്‍ വിജൃംഭിക്കുകയും ചെയ്തു. ഉണര്‍ന്നപ്പോള്‍ മുകളില്‍ നിന്നും തന്നെ കരുണയോടെ നോക്കി നില്‍‌ക്കുന്ന ആപ്പിളുകളെ അദ്ദേഹം കണ്ടു. കാല്‍ക്കല്‍ കുറ്റബോധത്തോടെ തലകുനിച്ചു നില്‍ക്കുന്ന തെമ്മാടിയാപ്പിളിനെയും. അവരെ നോക്കി അദ്ദേഹം പുഞ്ചിരിച്ചു. ന്യൂട്ടണ്‍ പാപങ്ങളൊക്കെ പൊറുക്കുന്ന ഒരു മഹാപ്രവാചകനായി. പിന്നെ തൂവലെടുത്ത് മഷിയില്‍ മുക്കി ആപ്പിളുകളെ സംബന്ധിക്കുന്ന ചില സനാതന നിയമങ്ങള്‍ എഴുതിയുണ്ടാക്കി.

മുകളില്‍ ആകാംക്ഷയോടെ നിന്ന നിരക്ഷരരായ ആപ്പിളുകളോട് ന്യൂട്ടണ്‍ അരുളിച്ചെയ്തു:

“പാപികളെ,
നിങ്ങളില്‍ ഞാന്‍ പ്രീതനാണ്.
താഴേക്ക്, എന്റെ കാല്‍ക്കലേക്ക് വീഴുക
ഇത് പ്രകൃതിയുടെ അചഞ്ചലനിയമമാണ്.
എന്റെ കാല്‍ച്ചുവട്ടിലാണ് കുഞ്ഞാടുകളെ
നിങ്ങളുടെ മോക്ഷം.“

ആപ്പിളുകള്‍ പരസ്പരം നോക്കി, ചിലരില്‍ സംശയം നാമ്പു നീട്ടി. മറ്റു ചിലരാകട്ടെ ഉടനെതന്നെ ഭക്തലഹരിയിലാണ്ട പോലെ കാണപ്പെട്ടു.

“കുഞ്ഞുങ്ങളേ!
സംശയം
സാത്താന്റെ സന്തതിയാണ്.
വരൂ, എന്നിലേക്ക്”

ന്യൂട്ടന്റെ ദൈവികശബ്ദം കനത്തു.

ഇതിനകം ഒന്നു രണ്ടാപ്പിളുകള്‍ ഭക്തിയുടെ പാരമ്യതയിലെത്തിയിരുന്നു. പഞ്ചേന്ദ്രിയങ്ങളടക്കി, കുടുംബബന്ധങ്ങള്‍ അറുത്തുമാറ്റി ഭക്തിയുടെ ഗുരുത്വാകര്‍ഷണത്താല്‍ അവര്‍ ന്യൂട്ടന്റെ കാല്‍ക്കലേക്ക് കുതിച്ചു വീണു. ചില ദുര്‍ബല ഹൃദയര്‍ക്ക് വീഴ്ചയില്‍ അല്പം ചതവു പറ്റി. വീഴ്ച ആപേക്ഷികമാണെന്നും തലതിരിഞ്ഞു നോക്കിയാല്‍ വീഴ്ചയല്ല ഉയര്‍ച്ചയാണവര്‍ക്ക് ഉണ്ടായതെന്നും അദ്ദേഹം അവരെ മനസിലാക്കി കൊടുത്തു. സം‌പ്രീതനായി അവരിലേവര്‍ക്കും അനുഗ്രഹം വര്‍ഷിച്ചു. ഇതെ തുടര്‍ന്ന് കൂടുതല്‍ കൂടുതല്‍ ആപ്പിളുകള്‍ മോക്ഷത്തിനായി കൊതിച്ച്, ആത്മീയതയുടെ സാന്ത്വനങ്ങള്‍ മാത്രം ഇച്ഛിച്ചു കൊണ്ട് ന്യൂട്ടന്റെ കാല്‍ക്കലേക്ക് വീഴാനാരംഭിച്ചു. ശരണം വിളികളാല്‍ അന്തരീക്ഷം മുഖരിതമായി. മഹാവൃക്ഷവും പരിസരപ്രദേശങ്ങളും ഭക്തിസാന്ദ്രമായ ഒരാശ്രമം പോലെ കാണപ്പെട്ടു.

പെട്ടെന്ന് മുകളില്‍ നിന്ന് ഒരു കരച്ചില്‍ :

“അരുത്, കൂട്ടരേ, അരുത്.
നമ്മുടെ മോക്ഷം സന്തതിപരമ്പരകളിലൂടെ
മഹാവൃക്ഷങ്ങള്‍ക്ക് ജന്മം കൊടുക്കലാണ്.
അതാണ് പ്രകൃതിയുടെ സനാതന നിയമം.
ഇക്കാണുന്നവന്‍ കള്ളനാണയമാണ് സഖാക്കളേ”

ശബ്ദം കേട്ട് മറ്റാപ്പിളുകള്‍ തിരിഞ്ഞു നോക്കി. ചിലര്‍ക്ക് സംശയം. മറ്റു ചിലര്‍ക്കോ പുച്ഛം. മറ്റുള്ളവര്‍ ഒന്നും കേട്ടില്ലെന്ന മട്ടില്‍ തല വെട്ടിച്ചു. അതു വരെ കേട്ടിട്ടില്ലാത്ത ആ ആക്രോശം കേട്ട് അവിടെയാകെ അല്‍ഭുതം കലര്‍ന്ന ഒരാരവം ഉയര്‍ന്നു. ന്യൂട്ടണ്‍ അവരെ നോക്കി മാസ്മരികമായി പുഞ്ചിരിച്ചു. തുടര്‍ന്ന് ആപ്പിളുകള്‍ ഒന്നൊന്നായി സംശയലേശമേന്യെ ആ കാല്‍ക്കല്‍ വീണ് നമസ്കരിച്ചു.

ഒന്നൊഴികെ.

പടിഞ്ഞാട്ടു നിന്നു വന്ന കാറ്റില്‍ നഗ്നയായി നിന്ന മരത്തോടൊപ്പം ആ ഒറ്റയാപ്പിളും ആടിയുലഞ്ഞു. കൂട്ടുകാരെയോര്‍ത്ത് അവന്‍ തപിച്ചു. ദുഃഖത്തിന്റെ നിസ്സഹായതയുടെ പുഴുക്കുത്തുകള്‍ അവനെ മഥിച്ചു.

“വരൂ മകനേ”

ന്യൂട്ടണ്‍ സ്നേഹത്തോടെ, വാത്സല്യത്തോടെ അവസാനത്തെ ആപ്പിളിനെയും ക്ഷണിച്ചു. ഒറ്റയാന്‍ ആപ്പിള്‍ മുകളില്‍ നിന്ന് താഴേക്ക്, ന്യൂട്ടന്റെ കരുണ നിറഞ്ഞ മുഖത്തേയ്ക്ക് കാര്‍ക്കിച്ചു തുപ്പി. പിന്നെ ഒതുക്കി വച്ചിരുന്ന ഇളം ചിറകുകള്‍ വിരിച്ച് ദൂരേയ്ക്കെവിടെയോ പറന്നു നീങ്ങി.
എഴുതപ്പെടാത്ത സനാതനനിയമങ്ങളുടെ ഒറ്റപ്രവാചകനായി.

കണ്ണുകള്‍ പാതിയടഞ്ഞ് പുഞ്ചിരി തൂകി നിന്ന ന്യൂട്ടന്റെ പാദങ്ങളില്‍ ഒരായിരം ആപ്പിളുകള്‍ സീല്‍ക്കാരത്തോടെ ചുംബനം തുടര്‍ന്നു.

Advertisements

‘കാഴ്ച’പ്പാടുകള്‍ ഓഗസ്റ്റ് 29, 2006

Posted by Sudhir in തരംതിരിക്കാത്ത.
33 comments

കാഴ്ചയെപ്പറ്റി ഒരു ലേഖനം എഴുതണമെന്നു കരുതിയിട്ട് കാലം കുറെയായി. എഴുതാനും മാത്രമുള്ള അറിവില്ല, എഴുതാനുള്ള ശൈലി വശമില്ല എന്നൊക്കെ സ്വയം പഴി പറഞ്ഞിരിക്കുന്ന മനസല്ലാത്തതിനാല്‍ ഒന്നെഴുതാന്‍ തന്നെ തീരുമാനിച്ചു. തീരുമാനം വളരെ പെട്ടെന്നെടുക്കുന്ന സ്വഭാവമാണെനിക്ക്. തീരുമാനമായി, ബലേ ഭേഷ്. ഇനിയെന്തു ചെയ്യും? എങ്ങനെ എഴുതിത്തുടങ്ങും? വല്ല ശ്ലോകവും ഉദ്ധരിച്ചു കൊണ്ടു തുടങ്ങാമെന്നു വച്ചാല്‍ ഉമേഷിനേയോ വിശ്വത്തിനേയോ രാജേഷിനേയോ ഒക്കെ പിടിക്കേണ്ടി വരും. പക്ഷെ ഐവി ശശിയുടെ സിനിമ പോലെ ഒരു ലേഖന ഫോര്‍മുലയില്‍ പിടിച്ചു നില്‍ക്കുന്നതാണ് നല്ലത്. ആയതിനാല്‍ ലേഖനത്തിലെ ആമുഖ ശ്ലോകത്തിന് വലിയ സാന്ദര്‍ഭിക യുക്തിയൊന്നും വേണമെന്നു പിടിവാശിയില്ലാത്തവര്‍ ഇതു വായിച്ച് ഔപചാരികമായി കൈ കഴുകി ഇരുന്നോളൂ.

കണ്ണുണ്ടായാല്‍ …
കണ്ണുണ്ടായാല്‍ പോര കാണണം എന്ന് കുട്ടിക്കാലത്ത് എത്ര തവണ അച്ഛന്റെ ശകാരം കേട്ടിട്ടുണ്ടാവും എന്നൊരു നിശ്ചയവുമില്ല. വളര്‍ന്ന് മയോപ്പിയയുടെ കൊനിഷ്ഠു കൂടിയായപ്പോള്‍ കണ്ണുണ്ടായാല്‍ മാത്രം പോരാ കാണാന്‍ എന്നും വന്നു. ഇനി വേണമെന്നു വച്ച് കണ്ണുകള്‍ മിഴിച്ചു വച്ച് കണ്ടാല്‍ തന്നെയും കണ്ടതിനെ മനസിലാക്കാനുള്ള ഉള്‍ക്കണ്ണില്ലാത്തതിനാല്‍ കണ്ടതിനേക്കാള്‍ കാണാത്തവയാണ് പരശതം മടങ്ങു കൂടുതല്‍ . കാണേണ്ടത് കാണാനും ആസ്വദിച്ച് അറിയിക്കാനും കഴിയാത്ത അവസരങ്ങളാകട്ടെ സ്വന്തം പാതിയെന്നോട് തല്ലു കൂടാനായി നീക്കി വച്ചിരിക്കുന്നു! കാഴ്ച ഒരു മഹാല്‍ഭുതം തന്നെയാണ് സംശയമില്ല. കാഴ്ചയില്ലായ്മയോ വല്ലാത്ത ഒരു വല്ലായ്മയും.

ഡാര്‍വിന്റെ ചിരി
ഡാര്‍വിനു പോലും പരിണാമസിദ്ധാന്തത്തിന്റെ നിര്‍വൃതിയ്ക്കിടയിലെ കല്ലു കടിയായിരുന്നു കാഴ്ചയെന്ന കീറാമുട്ടി. എങ്ങനെയാവും കണ്ണുകളുടെ പരിണാമം നടന്നിട്ടുണ്ടാവുക എന്ന് അദ്ദേഹം തല പുകഞ്ഞു. ഒട്ടനേകം ഭാഗങ്ങള്‍ – കോര്‍ണിയ, ലെന്‍സ്, റെറ്റിന, സിലിയറി പേശികള്‍ എന്നിങ്ങനെ ഒറ്റയ്ക്കും തെറ്റയ്ക്കും ഒരു ചുമതലയും നിര്‍വഹിക്കാനാവാത്ത കുറെ ചെറിയ ചെറിയ മിനി അവയവങ്ങള്‍ – ചേര്‍ന്നതാണ് നമ്മുടെ കണ്ണുകള്‍ . ആദ്യം ലെന്‍സുണ്ടായി, പിന്നെ കോര്‍ണിയ വന്നു, പിന്നെയാണ് റെറ്റിന വന്നത് എന്നിങ്ങനെ പരിണാമസിദ്ധാന്തത്തിന്റെ വാലില്‍ ലളിതമായി പറഞ്ഞു പോകാനാകില്ല. ഉടനെ ഡാര്‍വിന്‍ വിരുദ്ധര്‍ ചോദിക്കും ലെന്‍സു മാത്രം കൊണ്ടെന്തു കാര്യം, കോര്‍ണിയ മാത്രമായിട്ടെന്തിനു കൊള്ളാം എന്നൊക്കെ. ഈ വൈക്ലബ്യമൊക്കെ ഉള്ളിലൊതുക്കി ഡാര്‍വിന്‍ എഴുതി:

“ഫോക്കസിന്റെ ക്രമീകരണം, കണ്ണിലെത്തുന്ന പ്രകാശത്തിന്റെ തീക്ഷ്ണതയുടെ നിയന്ത്രണം, അപവര്‍ത്തനം പ്രകാശത്തിന്റെ സ്വഭാവത്തില്‍ വരുത്തുന്ന വൈകല്യങ്ങളുടെ പരിഹാരം എന്നിങ്ങനെ ഒരുപാടു ജോലികള്‍ നിര്‍വഹിക്കുന്ന അത്യഭൂതപൂര്‍വ്വമായ സവിശേഷതകളുള്ള കണ്ണുകള്‍ സ്വാഭാവിക തെരഞ്ഞെടുപ്പിലൂടെ പരിണമിച്ചെത്തിയതാണ് എന്നത്, തുറന്നു പറയട്ടെ, അങ്ങേയറ്റം അസംഭവ്യമെന്നാണ് തോന്നുന്നത്.(1)”

എന്ന്. ഈ വാചകങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും പൊക്കിപ്പിടിച്ച് മതമൌലിക വാദികള്‍ പരിണാമസിദ്ധാന്തത്തിനെതിരെ കുരിശുയുദ്ധം നടത്തുന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ പതിവാണ്. പക്ഷേ ഡാര്‍വിന്‍ പരിണാമസിദ്ധാന്തത്തെ തള്ളിപ്പറയുകയായിരുന്നില്ല, മറിച്ച്, അതിനു കടന്നു പോകേണ്ട ദുഷ്കരമായ വഴികളെപ്പറ്റി അത്ഭുതം കൂറുക മാത്രമായിരുന്നു എന്നത് ചരിത്രം.

കണ്ണുകള്‍ പരിണാമ പ്രക്രിയയിലൂടെയാണ് വികസിച്ചതെങ്കില്‍ എവിടെ നിന്നു തുടങ്ങി? എത്ര തവണ പരിണാമ പ്രക്രിയയിലൂടെ കടന്നു പോയി എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് ഡാര്‍വിന്‍ യാത്രയായത്. വമ്പന്‍ അക്ക്വേറിയങ്ങളില്‍ ചടഞ്ഞിരിക്കുന്ന ഏതെങ്കിലും നീരാളിയുടെ കണ്ണുകള്‍ കണ്ടിട്ടുണ്ടോ? നമ്മുടേതു പോലെ തോന്നിക്കുന്ന അതി സങ്കീര്‍ണ്ണമായ കാമറക്കണ്ണുകളാണ് ഇഷ്ടന്റേതും. മനുഷ്യന്റെയും നീരാളിയുടെയും (octopus) പൊതു വല്യപ്പൂപ്പന്‍ ഒരു സ്പോഞ്ചോ മറ്റോ ആകണം. സ്പോഞ്ചുകള്‍ക്കാകട്ടെ വെളിയില്‍ കാണിക്കാന്‍ കൊള്ളാവുന്ന കണ്ണുകളൊന്നുമില്ലാ താനും. പിന്നെ എങ്ങനെ മനുഷ്യ നേത്രങ്ങളും നീരാളിക്കണ്ണുകളും പരിണാമ പ്രക്രിയയിലൂടെ ഒരേ ഡിസൈനില്‍ എത്തിച്ചേര്‍ന്നു? ഒരു പ്രശ്നത്തിന്റെ ഏറ്റവും ശരിയായ ഉത്തരങ്ങള്‍ ഒടുവില്‍ ഒരേ വഴിക്കെത്തുന്നതിനാലാണോ? അതോ പ്രകൃതിയുടെ നിയമങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ടു പ്രവര്‍ത്തിക്കുന്ന പരിണാമ പ്രക്രിയയുടെ പരിമിതികള്‍ കാരണമാണോ ഇത്? കാര്യം നിസാരം, പ്രശ്നം ഗുരുതരം എന്നു ബാലചന്ദ്രമേനോന്‍ പറഞ്ഞ പോലാണു കാര്യങ്ങളുടെ കിടപ്പ്. ഈ ഗുരു തരപ്രശ്നത്തിന് ഒരു പരിഹാരം കാണാനാണ് പ്രശസ്ത ജര്‍മ്മന്‍ ബയോളജിസ്റ്റ് ആയ ഏണെസ്റ്റ് വാള്‍ട്ടര്‍ മേയര്‍ (Ernst Walter Mayr) 1976-ല്‍ ഒരു മഹാ സര്‍വേ നടത്തിയത്. ജന്തുലോകം മുഴുക്കെ അരിച്ചു പെറുക്കി പരിശോധിച്ച അദ്ദേഹം കണ്ടെത്തിയത്, തികച്ചും വെവ്വേറെ പരിണാമ വഴികളിലൂടെ ഒരു പത്തു നാല്‍പ്പതു വട്ടമെങ്കിലും പ്രകൃതി ഈ ഡിസൈന്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നത്രേ.

Ernst Walter Mayr

സുതാര്യവും പ്രകാശ സംവേദന ശേഷിയുള്ളതുമായ ഒരു കോശത്തില്‍ നിന്ന്, അല്ലെങ്കില്‍ ഒരു പിടി കോശങ്ങളില്‍ നിന്നാകണം ആദ്യത്തെ കണ്ണുകള്‍ ജനിച്ചത്. രൂപങ്ങളെ പ്രതിരൂപങ്ങളാക്കാനൊന്നും ശേഷിയില്ലാത്തവ. ഒരു പക്ഷേ, ഇരുട്ടും വെളിച്ചവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ മാത്രം പ്രാപ്തമായവ. പ്രാകൃതവും അപകടം പിടിച്ചതുമായ ഒരു ലോകത്ത് ഇരുട്ടിനെ വെളിച്ചത്തില്‍ നിന്നും ശത്രുവിനെ മിത്രത്തില്‍ നിന്നും നിഴലിനെ നിലാവില്‍ നിന്നുമൊക്കെ തിരിച്ചറിയാനാവുന്നത് എത്രത്തോളം സഹായകരമാവുമെന്നു പ്രത്യേകം പറയണ്ടല്ലോ: അന്നും ഇന്നും. പിന്നെപ്പിന്നെ തൊലിപ്പുറത്തെ ഒരു കുഴിക്കുള്ളില്‍ കൂട്ടിവച്ച പ്രകാശസംവാദകരായി കണ്ണുകള്‍ . പിന്നെയാ കുഴികളില്‍ സുതാര്യസ്തരം മൂടി സുതാര്യമായ പ്രോട്ടീന്‍ വന്നു നിറഞ്ഞ്, സിലിയറി പേശികളൊക്കെ നിര്‍മ്മിക്കപ്പെട്ട്, ദശലക്ഷം വര്‍ഷങ്ങളിലൂടെ ബ്ലോഗറിലേക്ക് ഉറ്റു നോക്കിയിരിക്കുന്ന ഈ കണ്ണുകള്‍ . അടുത്തിടെ നടത്തിയ ഒരു കമ്പ്യൂട്ടര്‍ സിമുലേഷന്‍ കാണിക്കുന്നത് 400,000 തലമുറകളിലൂടെ ഒറ്റക്കോശക്കണ്ണില്‍ നിന്നും ബോഷ് ആന്‍ഡ് ലോംബിന്റെ കോണ്ടാക്റ്റുമിട്ടു നടക്കുന്ന കാമറക്കണ്ണുകളിലേക്കെത്താമെന്നാണ്.

മേല്‍പ്പറഞ്ഞതൊന്നും സാങ്കല്പികങ്ങളല്ല. ഇന്നും ജീവിലോകത്തിലേക്ക് നോക്കിയാല്‍ പല രൂപത്തിലും കാണാം, പല തരം കണ്ണുകള്‍ . ചില ബാക്ടീരിയകളും ഫ്ലജല്ലങ്ങളും അവയുടെ ഒറ്റക്കോശത്തിലെ പ്രകാശ സവേദകങ്ങളായ ചില പിഗ്‌മെന്റുകളുപയോഗിച്ചാണ് “കാണുന്നത്”. ഈ കാഴ്ചയാകട്ടെ പ്രകാശമുണ്ട് അല്ലെങ്കില്‍ ഇല്ല എന്ന മട്ടിലേയുള്ളു. ഇത്തരം പിഗ്‌മെന്റ് നേത്രങ്ങളുപയോഗിച്ചാണ് ഇക്കൂട്ടര്‍ സൂര്യദേവനെ കണ്ടെത്തി സണ്‍ബാത്തൊക്കെ നടത്തുക. നോഷിലസ് (Nautilus) പോലുള്ള കക്കവര്‍ഗ്ഗങ്ങളാകട്ടെ സുഷിരക്ക്യാമറ പോലുള്ള കണ്ണുകളാണ് ഉപയോഗിക്കുന്നത്.

Octopus Eyes

മനുഷ്യനേത്രങ്ങളും നീരാളിക്കണ്ണുകളും സമാന്തരമായി ഏതാണ്ട് ഒരേ ഡിസൈനില്‍ എത്തിച്ചേര്‍ന്നു എന്നു പറഞ്ഞല്ലോ. എന്നിരുന്നാലും ചില്ലറ വ്യത്യാസങ്ങള്‍ ഇവ തമ്മിലുണ്ട്. ഉദാഹരണത്തിന് മനുഷ്യനേത്രങ്ങളില്‍ സിലിയറി പേശികള്‍ വലിഞ്ഞും വലിക്കാതെയുമൊക്കെ നമ്മുടെ ലെന്‍സിന്റെ ഫോക്കല്‍ ദൂരത്തെ ക്രമീകരിക്കുന്നു. നീരാളിയിലാകട്ടെ ലെന്‍സിന് അതുപോലുള്ള ഫ്ലെക്സിബിലിറ്റിയൊന്നുമില്ല. അതിനാല്‍ കക്ഷിയുടെ സിലിയറി പേശികള്‍ ലെന്‍സിന് കാണുന്ന വസ്തുവുമായുള്ള ദൂരം ക്രമീകരിച്ചാണ് ഫോക്കസ് ചെയ്യുന്നത്. ഏതാണ്ട്‌ എസെല്ലാര്‍ ക്യാമറ പോലെ.

അസംഭവ്യം എന്ന് ധീരമായി പറഞ്ഞ് തന്റെ അല്‍ഭുതം പ്രകടിപ്പിച്ച ഡാര്‍വിന് ഇനി ചിരിക്കാം. കാലാതിവര്‍ത്തിയായ തന്റെ വാക്കുകളെയോര്‍ത്ത് വീണ്ടും വീണ്ടും അഭിമാനം കൊള്ളാം. ഡാര്‍വിന്‍ മരിക്കുന്നേയില്ല.

കണ്ടതും കേട്ടതും

Yakov Perelman

ആലങ്കാരികമായി പറഞ്ഞാല്‍ കണ്ടും കേട്ടുമറിഞ്ഞടത്തോളമുണ്ടായിരുന്നില്ല ഔദ്യോഗികമായി പഠിച്ച ശാസ്ത്രജ്ഞാനം. പാഠ്യേതരമായി കിട്ടിയ പുസ്തകങ്ങളും ശാസ്ത്രസാഹിത്യ പരിഷത്തുമായുള്ള ബന്ധവുമാണ് അല്പം ശാസ്ത്രീയവും ലോജിക്കലുമായ പരിപ്രേക്ഷ്യമുണ്ടാക്കിത്തന്നത്. സ്കൂളില്‍ പഠിക്കുന്ന കാലത്താണ് യുറീക്കാ ബാലവേദിയിലെ ഒരു ക്വിസ് മത്സരത്തിന് സമ്മാനമായി ‘ഭൌതിക കൌതുകം’ കിട്ടുന്നത്. യാക്കോവ് പെരെല്‍മാന്‍ എന്ന റഷ്യക്കാരന്റെ ‘ഫിസിക്സ്’‘ പുസ്തകത്തിന്റെ പരിഭാഷ. ഇന്നേ വരെ ആഘോഷമായി ആവേശത്തോടെ വായിക്കാന്‍ കഴിഞ്ഞ ഒരേയൊരു ഫിസിക്സ് പുസ്തകമായിരുന്നു ‘ഭൌതിക കൌതുകം’. പില്‍ക്കാലത്ത്, ഫെയിന്മാന്റെ ഫിസിക്സ് ലെക്ചറുകളൊക്കെ അല്പം വായിക്കാനായെങ്കിലും എന്തോ യാക്കോവ് പെരെല്‍മാനായിരുന്നു ഏറ്റവും സ്വാധിനിച്ചത്. നിലയ്ക്കാത്ത യന്ത്രത്തെ (perpetual machine) പറ്റിയൊക്കെ വിശദമായി വായിക്കാനായതും അതിലൂടെത്തന്നെ. കാഴ്ചയുടെ മറിമായങ്ങളെപ്പറ്റി (optical illusion) അതിലൊരു അദ്ധ്യായം തന്നെയുണ്ടായിരുന്നെന്നാണ് എന്റെ ഓര്‍മ്മ. ചുവന്ന വസ്ത്രം കാട്ടിയാലൊന്നും കാളയെ ദേഷ്യം പിടിപ്പിക്കാനാവില്ല എന്നൊക്കെ പെരെല്‍മാന്‍ തന്മയത്വത്തോടെ പറഞ്ഞു തന്നിരുന്നു എന്റെ കുട്ടിക്കാലത്ത്(2). അടുത്തു കണ്ട ഒരു മലയാള സിനിമയില്‍ നായകന്‍ വില്ലനെ കൊലയ്ക്കു കൊടുക്കുന്നത് ചുവന്ന പുതപ്പു പുതപ്പിച്ച് കാളക്കൂറ്റനു മുന്നിലേക്ക് അയച്ചിട്ടാണ്. കാളയ്ക്ക് നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് തുച്ഛമാണെന്നും ചുവന്ന തുണി ചാരനിറത്തിലാവും കാള കാണുന്നതെന്നും പൊതു ജനത്തിനറിയാത്തതിനാലാവാം ഇത്തരം ചൊട്ടു വിദ്യകള്‍ സിനിമകളിലൊക്കെ ധാരാളം കാണുന്നത്.

കാളക്കണ്ണിന് നിറങ്ങള്‍ മാത്രമല്ല ആഴവും ശരിയായി കാണാനാവില്ലെന്ന് പഠിപ്പിച്ചതും പെരെല്‍മാനാണ്. തലയുടെ ഇരു വശത്തുമായി തള്ളിനില്‍ക്കുന്ന കണ്ണുകള്‍ ഉപയോഗിച്ച് ഏകദേശം 360 ഡിഗ്രി കാണാനാകും ഋഷഭേശ്വരന്. ഓരോ കണ്ണും ഓരോ വശത്തെയും പ്രപഞ്ചത്തെ കാട്ടിക്കൊടുക്കുന്നു. ധൃതിയില്‍പുല്ലു തിന്നുമ്പോഴും ആരെങ്കിലും പാത്തു വരുന്നുണ്ടോ, തന്നെ ബീഫാക്കാന്‍ എന്ന് തിരിച്ചറിയാന്‍ കഴിവുള്ള ഈ അല്‍ഭുതക്കണ്ണുകള്‍ കാളയ്ക്കു മാത്രമല്ല, മാന്‍ , മുയല്‍ തുടങ്ങിയ മിക്ക സസ്തനി സസ്യഭുക്കുകളിലും കാണാം. എന്നാല്‍ അവയുടെ ഇരു കണ്ണുകളുടെയും ദൃശ്യമണ്ഡലങ്ങള്‍ പരസ്പരം സംയോജിക്കുന്നില്ല. അതിനാലാണ് ആഴത്തിന്റെ ഗുട്ടന്‍സ് കാളയ്ക്ക് കിട്ടാതെ പോയത്.

Stereopsis

മാംസഭുക്കുകള്‍ക്കാകട്ടെ രണ്ടു കണ്ണുകളും നെറ്റിയ്ക്കു താഴെ ഒരേ പ്രതലത്തില്‍ ഘടിപ്പിച്ചിരിക്കുന്നു. ഇവ രണ്ടും ഏതാണ്ട് ഒരേ വസ്തു പ്രപഞ്ചത്തെയാണ് കാണുന്നത്. ഓരോ കണ്ണും മറ്റേതില്‍ നിന്ന് ഒരല്പം വേറിട്ടു കാണുന്നെന്നു മാത്രം. ഇത്തരം വേറിട്ടു കാഴ്ചയാണ് ത്രിമാനക്കാഴ്ചയുടെ രഹസ്യം. മിക്ക മാംസഭുക്കുകളുടെയും പച്ചരിയാണ് സ്റ്റീരിയോപ്സിസ് (Stereopsis) എന്നറിയപ്പെടുന്ന ഈ സുത്രം. തന്റെ ഇര എത്ര ദൂരത്താണെന്ന് കൃത്യമായി അളന്ന് തിട്ടപ്പെടുത്തി കുതിച്ചു ചാടാന്‍ ഇതിലൂടെ സാധിക്കുന്നു. എന്നാലോ പരപ്പിലുള്ള കാഴ്ച ഇവറ്റകള്‍ക്ക് തീരെയില്ലാ താനും. ആഴത്തില്‍ കാണുന്നവന്‍ പരപ്പില്‍ കാണുന്നില്ല. മറ്റവന്‍ ആഴമെന്തെന്നു തന്നെ അറിയുന്നില്ല. ജീവിക്കാനുള്ള പരമ്പരാഗത ജൈവികമത്സരത്തില്‍ രണ്ടു കൂട്ടരും വിജയിച്ചു കൊണ്ടേയിരിക്കുന്നു. ഒപ്പം പരാജയപ്പെട്ടുമിരിക്കുന്നു.

ജീവജാലങ്ങളുടെ പരിണാമത്തെ തമാശയായി ‘പരിണാമ ഗുസ്തി’ എന്നു വിശേഷിപ്പിച്ച ജീനിയസ് ആരാണ്? അങ്ങേയ്ക്ക് പ്രണാമം.

കണ്ണികള്‍
ഈ ലേഖനത്തിലെ അക്ഷരപ്പിശാച് ഒഴികെയുള്ള തെറ്റുകുറ്റങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. അത്തരം പരാതികളൊക്കെ താഴെക്കാണുന്ന ഏതെങ്കിലും വെബ്‌സൈറ്റുകള്‍ക്ക് സൌകര്യം പോലെ അയച്ചു കൊടുക്കുക:

  1. http://www.atheists.org/evolution/halfawing.html
  2. http://www.talkorigins.org/faqs/vision.html
  3. http://home.austarnet.com.au/stear/evolution_of_the_eye.htm
  4. http://ebiomedia.com/gall/eyes/eye1.html
  5. http://www.karger.com/gazette/64/fernald/art_1_5.htm
  6. http://www.wehi.edu.au/resources/vce_biol_science/articles/finkel3.html
  7. http://en.wikipedia.org/wiki/Ernst_Mayr

(1) “that the eye , with all its inimitable contrivances for adjusting the focus to different distances, for admitting different amounts of light, and for the correction of spherical and chromatic aberration, could have been formed by natural selection seems, I freely confess, absurd in the highest possible degree“

(2) ഇതെഴുതിത്തീര്‍ത്ത ശേഷം പെരെല്‍മാന്‍ + ഭൌതിക കൌതുകം എന്നു ഗൂഗിള്‍ ചെയ്തപ്പോഴാണ് വക്കാരിയുടെ ഈ പോസ്റ്റില്‍ ചെന്നുടക്കിയത്. പെരെല്‍മാനെപ്പറ്റി നമ്മുടെ ബൂലോകര്‍ അവിടെ സംവദിക്കുന്നുണ്ട്.

പ്രത്യേകം ശ്രദ്ധിക്കുക: ഇതിലെ ചിത്രങ്ങള്‍ (ത്രിമാനക്കാഴ്ച ഒഴികെ) വിക്കിപ്പീഡിയയില്‍ നിന്നാണ്. എല്ലാ ചിത്രങ്ങളുടെയും പകര്‍പ്പവകാശം അതാത്പടങ്ങള്‍ എടുത്തവര്‍ക്കാണ്. ഒരു ചിത്രത്തിലും ഒരു അവകാശവാദവും എനിക്കില്ല. ചിത്രങ്ങള്‍ അറിവു കൈമാറാന്‍ മാത്രം.
വിഭാഗം: ശാസ്ത്രം

ആപേക്ഷികം ഓഗസ്റ്റ് 24, 2006

Posted by Sudhir in തരംതിരിക്കാത്ത.
10 comments

നായ വാലിനോട് തട്ടിക്കയറി: നീയെന്തിനാണിങ്ങനെ സദാ ആടിക്കൊണ്ടിരിക്കുന്നത്?
വാല്‍ നായയോട്: അതു ശരി! ഞാനത് നിന്നോട് ചോദിക്കാന്‍ വരുകയായിരുന്നു.
അങ്ങനെ നായും വാലും പന്തീരാണ്ടു കാലം കലഹം തുടര്‍ന്നു.

വിഭാഗം: നുറുങ്ങു കഥ

പുനര്‍ജനി ഓഗസ്റ്റ് 24, 2006

Posted by Sudhir in തരംതിരിക്കാത്ത.
16 comments

അരുതിനിച്ചോദ്യങ്ങളെറിയേണ്ട നീ സഖേ
പാടുമോ വീണ്ടുമെന്‍ നൊമ്പരക്കമ്പികള്‍?
ചോദിക്കയില്ല നിന്‍ പുഞ്ചിരി;വിസ്മൃതി-
ത്താഴിട്ടു; മൌനം പുതച്ചിരിക്കുന്നു ഞാന്‍

ജനലിനുമപ്പുറം നീ കിതയ്ക്കുന്നൂ
ചൂടുനിശ്വാസമീത്തീതെളിയ്ക്കുന്നൂ
കരിവിഷജ്ജ്വാലയില്‍ ഉയിരു ഞെരിയുന്നൂ.

ധമനികളിലഗ്നിയും പേമാരിയും പെയ്ത
ഗതകാലമൊക്കെയുമൊന്നാകെയോര്‍മ്മയില്‍
വരികള്‍ തെറ്റാതിന്നു ചുവടു വയ്ക്കുന്നൂ.

കുന്നിന്റെ ചരിവിലേയ്ക്കന്തി വഴുതുന്നൂ,
ഇരുളിന്റെ തേരേറിയാരോ വരുന്നൂ,
കരളിലൊരു മിന്നല്‍ക്കതിരു വിടരുന്നൂ,
കാലമൊരു കാറ്റായൊഴുകി നിറയുന്നൂ.

ഒരു ചുംബനത്തിലെന്‍ പ്രാണന്റെ നിര്‍ഝരി
കവരും കുലീനയെന്നരികത്തിരിപ്പൂ
കുതറിയൊന്നോടുവാന്‍ പിടയുമെന്നാത്മാവില്‍
ഒരു മണ്‍ചെരാതിന്റെ തെളിമ നിറയുന്നൂ
അപ്രകാശത്തിന്റെ ചേലയില്‍ തൂങ്ങി ഞാന്‍
ഉണ്ണിയായ് വിണ്ണില്‍ പുനര്‍ജനിക്കുന്നൂ

വിഭാഗം: കവിത

യുണൈറ്റഡ് ഫ്രൂട്ട് കമ്പനി ഓഗസ്റ്റ് 17, 2006

Posted by Sudhir in തരംതിരിക്കാത്ത.
20 comments

“മാറുന്ന കാലഘട്ടത്തില്‍ എന്തായിരിക്കണം ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനമേഖല“ എന്നുള്ള സംവാദത്തില്‍ നിന്നും സംഭരിച്ച ഊര്‍ജ്ജമെടുത്ത് ഒരു തര്‍ജുമ ചെയ്തതാണ്. ബെന്നിയുടെ ബ്ലോഗിലെ ആ സംവാദം ഇവിടെ. പാബ്ലോ നെരൂദയുടെ ‘യുണൈറ്റഡ് ഫ്രൂട്ട് കമ്പനി’ എന്ന കവിതയുടെ ഒരു അരയ്ക്കാല്‍ വിവര്‍ത്തനം.

നെരൂദയും ബ്രഹതും ഒക്കെ അതി സുന്ദരമായി സച്ചിദാനന്ദന്‍ നമ്മെ പരിചയപ്പെടുത്തിയിട്ടുള്ളതാണ്. പക്ഷേ അത്തരത്തിലുള്ള പരിഭാഷ എന്റെ വശം ഇല്ലാത്തതിനാല്‍ സ്വന്തമായി ഒരു കശാപ്പങ്ങു നിര്‍വഹിച്ചു. നെരൂദയുടെ കവിത വിരൂപമാക്കിയെങ്കില്‍ മാപ്പു ചോദിച്ചു കൊണ്ട്…

മൂല കൃതി സ്പാനിഷിലാണ്. (സ്പാനിഷ് എനിക്ക് അശേഷം വശമില്ല) ജോണ്‍ ഫെല്‍‌സ്റ്റിനര്‍ ( John Felstiner) അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ചെയ്തതാണ് ഞാന്‍ വീണ്ടും മലയാളത്തിലാക്കിയത്. (The Essential Neruda, Selected Poems, Edited by Mark Eisner, Published by City Lights). ഓരോ മൊഴിമാറ്റത്തിലും ചോരുന്നത് കവിതമാത്രമെന്ന് അറിയാഞ്ഞിട്ടല്ല.

തെറ്റുകള്‍ പൊറുക്കുക, ചൂണ്ടിക്കാട്ടുക.

യുണൈറ്റഡ് ഫ്രൂട്ട് കമ്പനി – പാബ്ലോ നെരൂദ
ശംഖുനാദം മുഴങ്ങിയപ്പോള്‍
ഭൂമിയില്‍ എല്ലാം ഒരുക്കിയിരുന്നു.
പിന്നെ, യഹോവ ലോകത്തെ
കൊക്കൊക്കോള, ആനകോണ്ട, ഫോര്‍ഡ് …
കമ്പനികള്‍ക്കായി പകുത്തു കൊടുത്തു.
യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയ്ക്ക്
അതിലേറ്റം ഇനിപ്പേറിയത്:
എന്റെ ലോകത്തിലെ മധ്യദേശത്തെ തീരം,
അമേരിക്കയുടെ തുടുത്ത അരക്കെട്ട്.

അവരീ ദേശങ്ങളെ –
വെറും വെള്ളരിക്കാപ്പട്ടണങ്ങള്‍ –
ഉറക്കമായ ജഡങ്ങള്‍ക്കു മുകളിലൂടെ,
ചങ്ങല പൊട്ടിച്ച് കലാപം നടത്തിയ
മഹാ ധീരന്മാര്‍ക്കു മുകളിലൂടെ,
വീണ്ടും മാമോദീസ മുക്കിയെടുത്തു.
പുതിയ പാവക്കൂത്തുകള്‍ സ്ഥാപിച്ചു.
ഹൃദയത്തിന്റെ സ്വാതന്ത്ര്യം നിരോധിച്ചു.
പരമാധികാരത്തിന്റെ
കിരീടങ്ങള്‍ വിതരണം ചെയ്തു.
അസൂയയെ അഭിനന്ദിച്ചു.
ഈച്ചകളുടെ ഏകാധിപത്യത്തെ
ക്ഷണിച്ചിരുത്തി:
സഹനത്താല്‍ തലകുനിഞ്ഞ രക്തവും
പഴച്ചാറുമൊട്ടുന്ന ഈച്ചകള്‍ ,
ചുടലമാടങ്ങളിലൂടെ മൂളിപ്പറക്കുന്ന
കുടിച്ചുന്മത്തരായ ഈച്ചകള്‍ ,
അഭ്യാസികളും കൌശലക്കാരുമായവ,
ഏകാധിപത്യത്തിനു പുകള്‍പെറ്റവ.

ചോരക്കൊതിയന്മാരായ ഈച്ചകളുമായി
വന്നൂ ഫ്രൂട്ട് കമ്പനി.
പാതിമുങ്ങിയ ഞങ്ങളുടെ പറമ്പുകളില്‍ നിന്ന്
തട്ടത്തിലേക്ക് നിധി കൂനകൂട്ടിയിടുമ്പോലെ
കടലില്‍ നങ്കൂരമിട്ട കപ്പലുകളിലേക്ക്
കാപ്പിയും പഴങ്ങളും വാരിക്കൂട്ടി

എപ്പൊഴോ
ഹാര്‍ബറുകളിലെ മധുരവെള്ളം നിറഞ്ഞ
ചതിക്കുഴികളില്‍ വീണുപോയ
ആദിവാസികളൊന്നാകെ
പുലര്‍ലമഞ്ഞില്‍ അടക്കം ചെയ്യപ്പെട്ടു.

ഒരു ദേഹമുരുളുന്നു.
പേരില്ലാത്ത ഒരു ജഡം.
ഉപയോഗിച്ചുപേക്ഷിച്ച ഒരക്കം.
ചവറ്റുകുട്ടയിലേക്കെറിഞ്ഞ
അഴുകിയ ഒരു പഴക്കുല

വിഭാഗം: വിവര്‍ത്തനങ്ങള്‍

യുണൈറ്റഡ് ഫ്രൂട്ട് കമ്പനി ഓഗസ്റ്റ് 16, 2006

Posted by Sudhir in വിവര്‍ത്തനങ്ങള്‍.
3 comments

 “മാറുന്ന കാലഘട്ടത്തില്‍ എന്തായിരിക്കണം ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനമേഖല“ എന്നുള്ള സംവാദത്തില്‍ നിന്നും സംഭരിച്ച ഊര്‍ജ്ജമെടുത്ത് ഒരു തര്‍ജുമ ചെയ്തതാണ്.  ബെന്നിയുടെ ബ്ലോഗിലെ ആ സംവാദം ഇവിടെ. പാബ്ലോ നെരൂദയുടെ  ‘യുണൈറ്റഡ് ഫ്രൂട്ട് കമ്പനി’ എന്ന കവിതയുടെ ഒരു അരയ്ക്കാല്‍ വിവര്‍ത്തനം. 

 നെരൂദയും ബ്രഹതും ഒക്കെ അതി സുന്ദരമായി സച്ചിദാനന്ദന്‍ നമ്മെ പരിചയപ്പെടുത്തിയിട്ടുള്ളതാണ്. പക്ഷേ അത്തരത്തിലുള്ള പരിഭാഷ എന്റെ വശം ഇല്ലാത്തതിനാല്‍ സ്വന്തമായി ഒരു കശാപ്പങ്ങു നിര്‍വഹിച്ചു. നെരൂദയുടെ കവിത വിരൂപമാക്കിയെങ്കില്‍ മാപ്പു ചോദിച്ചു കൊണ്ട്…

മൂല കൃതി സ്പാനിഷിലാണ്.  (സ്പാനിഷ് എനിക്ക് അശേഷം വശമില്ല) ജോണ്‍ ഫെല്‍‌സ്റ്റിനര്‍ ( John Felstiner) അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ചെയ്തതാണ് ഞാന്‍ വീണ്ടും മലയാളത്തിലാക്കിയത്.  (The Essential Neruda, Selected Poems, Edited by Mark Eisner, Published by City Lights). ഓരോ മൊഴിമാറ്റത്തിലും ചോരുന്നത് കവിതമാത്രമെന്ന് അറിയാഞ്ഞിട്ടല്ല.

തെറ്റുകള്‍ പൊറുക്കുക, ചൂണ്ടിക്കാട്ടുക.

യുണൈറ്റഡ് ഫ്രൂട്ട് കമ്പനി
 — പാബ്ലോ നെരൂദ

ശംഖുനാദം മുഴങ്ങിയപ്പോള്‍
ഭൂമിയില്‍ എല്ലാം ഒരുക്കിയിരുന്നു.
പിന്നെ, യഹോവ ലോകത്തെ
കൊക്കൊക്കോള, ആനകോണ്ട, ഫോര്‍ഡ് …
കമ്പനികള്‍ക്കായി പകുത്തു കൊടുത്തു.
യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയ്ക്ക്
അതിലേറ്റം ഇനിപ്പേറിയത്:
എന്റെ ലോകത്തിലെ മധ്യദേശത്തെ തീരം,
അമേരിക്കയുടെ തുടുത്ത അരക്കെട്ട്.

അവരീ ദേശങ്ങളെ –
വെറും വെള്ളരിക്കാപ്പട്ടണങ്ങള്‍ –
ഉറക്കമായ ജഡങ്ങള്‍ക്കു മുകളിലൂടെ,
ചങ്ങല പൊട്ടിച്ച് കലാപം നടത്തിയ
മഹാ ധീരന്മാര്‍ക്കു മുകളിലൂടെ,
വീണ്ടും മാമോദീസ മുക്കിയെടുത്തു
പുതിയ പാവക്കൂത്തുകള്‍ സ്ഥാപിച്ചു.
ഹൃദയത്തിന്റെ സ്വാതന്ത്ര്യം നിരോധിച്ചു.
പരമാധികാരത്തിന്റെ കിരീടങ്ങള്‍ വിതരണം ചെയ്തു.
അസൂയയെ അഭിനന്ദിച്ചു.
ഈച്ചകളുടെ ഏകാധിപത്യത്തെ
ക്ഷണിച്ചിരുത്തി:
സഹനത്താല്‍ തലകുനിഞ്ഞ രക്തവും
പഴച്ചാറുമൊട്ടുന്ന ഈച്ചകള്‍ ,
ചുടലമാടങ്ങളിലൂടെ മൂളിപ്പറക്കുന്ന
കുടിച്ചുന്മത്തരായ ഈച്ചകള്‍ ,
അഭ്യാസികളും കൌശലക്കാരുമായവ,
ഏകാധിപത്യത്തിനു പുകള്‍പെറ്റവ.

ചോരക്കൊതിയന്മാരായ ഈച്ചകളുമായി
വന്നൂ ഫ്രൂട്ട് കമ്പനി.
പാതിമുങ്ങിയ ഞങ്ങളുടെ പറമ്പുകളില്‍ നിന്ന്
തട്ടത്തിലേക്ക് നിധി കൂനകൂട്ടിയിടുമ്പോലെ
കടലില്‍ നങ്കൂരമിട്ട കപ്പലുകളിലേക്ക്
കാപ്പിയും പഴങ്ങളും വാരിക്കൂട്ടി

എപ്പൊഴോ
ഹാര്‍ബറുകളിലെ മധുരവെള്ളം നിറഞ്ഞ
ചതിക്കുഴികളില്‍ വീണുപോയ
ആദിവാസികളൊന്നാകെ
പുലര്‍ലമഞ്ഞില്‍ അടക്കം ചെയ്യപ്പെട്ടു.

ഒരു ദേഹമുരുളുന്നു.
പേരില്ലാത്ത ഒരു ജഡം.
ഉപയോഗിച്ചുപേക്ഷിച്ച ഒരക്കം
ചവറ്റുകോട്ടയിലേക്കെറിഞ്ഞ
അഴുകിയ ഒരു പഴക്കുല

വഴികള്‍ ഓഗസ്റ്റ് 11, 2006

Posted by Sudhir in വെറും വാക്ക്‌.
1 comment so far

ഭീരുത്വം ചോദിക്കും: “ഇതു സുരക്ഷിതമോ?” കുശാഗ്രബുദ്ധി ചോദിക്കും: “ഇത്  തന്ത്രപരമാണോ?” എന്നാല്‍ മനസാക്ഷിയാകട്ടെ “ഇത് നല്ല വഴിയോ?” എന്നും ചോദിക്കും. എന്നാല്‍ സുരക്ഷിതവും തന്ത്രപരവും ജനസമ്മതവും അല്ലാത്ത വഴികള്‍ ചിലപ്പോള്‍ നമുക്കു തേടേണ്ടതായി വരും. കാരണം മനസാക്ഷി നമ്മോടു പറയുന്നുണ്ടാകും ‘ഇതാണു നിന്റെ മാര്‍ഗം’ എന്ന്. ഞാന്‍പറഞ്ഞതല്ല, മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റേതാണിത്. ഇന്ന് റേഡിയോ തുറന്നപ്പോള്‍ കേട്ട സുഭാഷിതം. നല്ലതെന്നു തോന്നിയതിനാല്‍ ചൂണ്ടിക്കാട്ടുന്നു.

വാക്കുകള്‍ ഓഗസ്റ്റ് 4, 2006

Posted by Sudhir in നുറുങ്ങു കവിതകള്‍.
6 comments

എന്തിനീ വാക്കുകള്‍ , നോവും മനസ്സില്‍ നി-
ന്നിന്നു ചിതറിയ വെള്ളാരങ്കല്ലുകള്‍ ?
വേനലിന്‍ ചൂടില്‍ വീണു തകര്‍ന്നൊരു
വറ്റിയ മണ്‍കുടം മാത്രമീ വാക്കുകള്‍ !

ശത്രുക്കളങ്ങളില്‍ പൊട്ടിത്തെറിക്കുന്ന,
ഗര്‍വ്വിന്റെ മസ്തകം തച്ചു തകര്‍ക്കുന്ന‍
വെള്ളിടിയാകുവാന്‍ , കല്ലറ തീര്‍ക്കുവാന്‍
നീല ദേഹങ്ങളില്‍ അമൃതം തളിക്കുവാന്‍

ചോരയില്‍ വീണു മയങ്ങുന്ന കുഞ്ഞിന്റെ
അമ്മിഞ്ഞയാകുവാന്‍ , താരാട്ടുപാടുവാന്‍
മണ്ണിന്‍ വരള്‍ച്ചയില്‍ പേമാരിയാകുവാന്‍
വേദന വിങ്ങുമീ വാക്കുകള്‍ക്കാവുമോ!

വെടിയേറ്റു വീണ ഞരക്കത്തിന്‍ നേര്‍ത്തൊരു
പ്രതിരൂപമെങ്കിലുമാകുമോ വാക്കുകള്‍ !

വിടചൊല്ലി നീലവിഷം മോന്തിയകലുമീ
കവിതയുടെ നെഞ്ചില്‍ നിറയൊഴിക്കാമിനി

യുദ്ധമോഹങ്ങള്‍ക്കു ദാഹമടക്കുവാന്‍‍
വീണ മൃഗമാകുമെന്റെയീ വാക്കുകള്‍ !

വാരിയെടുത്തു മടങ്ങട്ടെ ഞാനിനി
വാടിയ പൂക്കള്‍തന്‍ മായാത്ത പുഞ്ചിരി

പുരാവസ്തു ഓഗസ്റ്റ് 2, 2006

Posted by Sudhir in കഥകള്‍.
1 comment so far

ചീവീടുകളുടെ താഴ്‌വരയിലൂടെ നടന്ന് പുഴ കടന്ന്, കുന്നിനു മുകളിലെ ലാബിലെത്തുമ്പോള്‍ ടോറിയൊ നന്നെ ക്ഷീണിച്ചിരുന്നു. ഇതു പതിവില്ലാത്തതല്ല. സൂര്യനുദിച്ചിട്ടില്ല. ആഴക്കടലിന്റെ അടിത്തട്ടില്‍ നിന്നും കൂട്ടുകാരി പിന്റസിനോടൊപ്പം ഖനനം ചെയ്തെടുത്ത നൂറു നൂറു പുരാതന വസ്തുക്കള്‍  ലാബിന്റെ തെക്കു വശത്തുള്ള വലുപ്പമേറിയ മുറിയില്‍ അടുക്കും ചിട്ടയുമായി വച്ചിരുന്നു. മണ്ണടിഞ്ഞുപോയ ജന്തുക്കളുടെ അവശിഷ്ടങ്ങള്‍ തന്നെ തുറിച്ചു നോക്കിയോ? “നിനക്കു വട്ടാണ്” എന്നു പിന്റസ് പറയാറുള്ളതോര്‍ത്ത് ടോറിയോ ഊറിച്ചിരിച്ചു.

ഇന്നും അന്തിയോളം ജോലി ചെയ്യാനുണ്ടാവും. ഈ വേഗത്തില്‍ ചെയ്തെങ്കിലേ വര്‍ഷാവസാനത്തെക്കെങ്കിലും തന്റെ ഗവേഷണഫലം അവതരിപ്പിക്കാനാവൂ. ടോറിയോ വൈകാതെ ജോലിയാരംഭിച്ചു. താഴിട്ടടയ്ക്കാവുന്ന ജനാലയ്ക്കപ്പുറം പുലരും മുന്‍പുള്ള ചാരനിറം മൂടിക്കിടന്നു

കാലത്തിന്റെ കണ്ണാടിയാണ് പുരാവസ്തുക്കള്‍ . അവയെ പറ്റി പഠിക്കുന്ന ഓരോരുത്തരോടും അവയ്ക്ക് ഓരോ കഥ പറയാനുമുണ്ടാകും. കാലത്തിന്റെ പാളികള്‍ക്കുള്ളില്‍ വായനക്കാരനെ  കാത്തിരിക്കുന്ന കഥാകാരന്മാരാണവ. യൌവനത്തിന്റെ, രതിനിര്‍വേദത്തിന്റെ, പേറ്റുനോവിന്റെ, ചതിയുടെ, നാശത്തിന്റെ, നന്മയുടെ, നിലയ്ക്കാത്ത പ്രളയത്തിന്റെ വറ്റാത്ത കഥകള്‍ . ചീഞ്ഞളിഞ്ഞു പോയ ഹിംസയുടെയും അഹങ്കാരത്തിന്റെയും കടംകഥകള്‍ . കഥകള്‍ കേട്ട് തങ്ങള്‍ക്കായി ഒരു കണ്ണീരെങ്കിലും പൊടിയുന്നോ എന്ന് നിര്‍ന്നിമേഷമായി നോക്കിക്കൊണ്ട് അവയിരിക്കും. ഇല്ലെന്നറിയുമ്പോള്‍ കണ്ണീരോ വിങ്ങുന്ന ഹൃദയമോ ഒന്നുമില്ലാതെ വ്യസനത്തിന്റെ വേനല്‍ അവരെ ചൂഴുകയും ചെയ്യും.

“ങാഹാ… വട്ടാ നീയെന്നെ വെട്ടിച്ച് നേരത്തേയെത്തിയോ” മുന്‍‌വാതില്‍ തള്ളിത്തുറന്ന് പിന്റസ് കയറി വന്നു. അവളെ നോക്കി ചിരിച്ചു.

അവള്‍ എപ്പോഴും ഇങ്ങനെയാണ്. കാറ്റു പോലെ വരും കാറ്റു പോലെ ഇറങ്ങിപ്പോവുകയും ചെയ്യും. വന്നാലോ ചിട്ടവട്ടങ്ങളൊക്കെ മാറ്റിമറിച്ച്, വീണ്ടും വീണ്ടും ആഗ്രഹിക്കുന്ന ഒരു ശല്യം പോലെ. “നീ നേരത്തെ തുടങ്ങിയല്ലേ പണി? ആര്‍ച്ചസ് സംസ്കാരത്തെപറ്റിയും അവയുടെ പതനത്തെപറ്റിയും ഒക്കെ വിവരിക്കുന്ന ഒരു ലേഖനമാണ്. ഈയാഴ്ചത്തെ “പുരാതന”ത്തില്‍ വന്നത്. രാത്രി പുതപ്പിനകത്തിരുന്നു വായിക്ക്”. തുറന്നു വച്ച ലേഖനം മേശപ്പുറത്തേക്കിട്ട് അവള്‍ അപ്പുറത്തെ മുറിയിലേക്കു പോയി.

ഒരു പക്ഷേ ഇവളാകണം ഈ ഗവേഷണത്തിലേക്ക് തന്നെ വലിച്ചിട്ടതില്‍ മുഖ്യ പ്രതി. അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം ഗോത്രത്തിനു പുറത്തുള്ള ഒരാളോടൊപ്പം ഗവേഷണം ചെയ്യുമായിരുന്നോ? ഗവേഷണത്തിനപ്പുറം ജീവിതത്തിലേക്ക് അവളെ വലിച്ചടുപ്പിക്കാനാവാത്ത വിധം ജൈവികമായി അകന്നവരായിട്ടും?

പണ്ട് മുത്തശ്ശി പറഞ്ഞു തന്നതാണ് കാനോവയുടെ കഥ. വംശങ്ങളുടെ തുടര്‍ച്ചയിലൂടെ അമരത്വം പ്രാപിക്കാമെന്നു പാട്ടു പാടി പഠിപ്പിക്കാന്‍ ശ്രമിച്ച കാനോവ.  കഥ കേട്ട നാള്‍ മുതല്‍ കാനോവയായി സ്വയം സങ്കല്‍പ്പിച്ചിരുന്നു. പുരാവസ്തുക്കള്‍ ചികഞ്ഞെടുത്ത് കണ്ണികള്‍ വിളക്കി ചേര്‍ക്കാനിറങ്ങിയതിനു പോലും കാനോവയുടെ കഥയോടാവണം മറ്റൊരു കടപ്പാട്.

“നാശം! അവനിപ്പോഴും താണ്ഡവാഗ്നിയോടാണ് കൂറ്. ഇത്തവണത്തെ കുടുംബോത്സവത്തിനും അവനില്ല!” പിന്റസ് ദേഷ്യത്തിലാണ്. അങ്ങ് ദൂരെയുള്ള പഠനശാ‍ലയില്‍ നീലരശ്മികളില്‍ നിന്നും അനന്തനാളങ്ങള്‍ നിര്‍മ്മിക്കാനുള്ള ഗവേഷണത്തില്‍ മുഴുകിയ സ്വന്തം കൂടപ്പിറപ്പിനെപറ്റി പിന്റസിനെന്നും പരാതികളാണ്. നമ്മുടെ ഗ്രഹത്തിനാവശ്യമായ മുഴുവന്‍ ഊര്‍ജ്ജവും  ഒരോലപ്പന്തിനോളം വരുന്ന ലോഹത്തില്‍ നിന്നും നിര്‍മ്മിക്കാമെന്നാണ് പിന്റസ്സിന്റെ സഹോദരന്റെ വിശ്വാസം. ഇത്തരം സ്ഥിരം പരാതികളോട്, കൂടപ്പിറപ്പാരുമില്ലാത്ത താന്‍ പുഞ്ചിരിക്കുകയല്ലാതെന്തു ചെയ്യും?

ഇരു കാലികളെങ്കിലും പിന്റസിന്റെയും തന്റെയും ഗോത്രങ്ങള്‍ അങ്ങേയറ്റം വ്യത്യസ്തമാണ്. താല്പര്യങ്ങള്‍ പോലും അമ്പേ വ്യത്യസ്തം. പിന്റസിന്റെ ഗോത്രത്തില്‍ മിക്കവരും ഊര്‍ജ്ജതന്ത്രത്തില്‍ വിശാരദന്മാരാണ്. തന്റെ കൂട്ടര്‍ക്കാകട്ടെ ചരിത്രത്തിലും സാഹിത്യത്തിലും ഒക്കെയാണ് താല്പര്യം. എങ്കിലും സ്വന്തം കൂട്ടരില്‍ നിന്നും വേറിട്ട പ്രകൃതമാണ് പിന്റസിന്റേത്. അതാവണം അവള്‍ എനിക്കേറ്റവും പ്രിയപ്പെട്ടവളാക്കിയത്. പക്ഷേ…

“പിന്റസ്! നിന്നോട് ചോദിക്കാതെ വയ്യ” അവള്‍ ചോദ്യഭാവത്തില്‍ നോക്കി. ഇന്നലെ മുതല്‍ ഒരു പ്രത്യേകതരം തലയോട്ടി പരിശോധിക്കുകയാണ് ഞാന്‍ . അതി പുരാതനമാണത്. മരണസമയത്ത് ഈ ജീവി പൂര്‍ണ്ണാരോഗ്യത്തിലായിരുന്നിരിക്കണം. എല്ലുകളുടെ സങ്കലന പരിശോധനയും നടത്തി. എനിക്കൊരു പിടിയും കിട്ടുന്നില്ല”

“നീയൊന്നു ശ്രദ്ധിച്ചോ.. ഈയെല്ലാ പുരാവസ്തുക്കളും ഒരേ കാലത്തെയാണ്. സങ്കലന പരിശോധന നോക്കിയാലറിയാം, ഒരേ സമയത്ത് ഇവയ്ക്ക് എല്ലാം ഒരു പോലെ ഒരേ മാറ്റം സംഭവിച്ചെന്ന്. ഏകദേശം ഒരു ദശലക്ഷം സൂര്യവര്‍ഷങ്ങള്‍ക്കും മുന്‍പ്‌!”

കാഴ്ചയില്‍ തലയോട്ടിക്കും എല്ലുകള്‍ക്കും പിന്റസിന്റെ ജാതിക്കാരോടാണ് കൂടുതല്‍ സാമ്യം. പക്ഷേ നെറ്റിത്തടത്തിന് വീതി കുറവാണ്. തലയോട്ടിയുടെ ഉള്ളിലാകട്ടെ വ്യാപ്തി അല്പം കുറവും.

“ഈ തലയോട്ടിയുടെ ഖനിയില്‍ നിന്നും ധാരാളം ഉപകരണങ്ങളും അവശിഷ്ടങ്ങളും കിട്ടിയിട്ടുമുണ്ട്. ഒരു പക്ഷേ സവിശേഷമായ ഒരു നാഗരികതയാവണം”

“എങ്കില്‍ അതെവിടെ?” എങ്ങനെ മണ്ണടിഞ്ഞു?”

“ചോദ്യങ്ങള്‍ എളുപ്പമാണ് പിന്റസ്!“

അവള്‍ അടുത്ത് വന്നിരുന്ന് സങ്കലന പരിശോധനയുടെ വിശദാംശങ്ങള്‍ വായിക്കാന്‍ തുടങ്ങി. ഉത്തരമില്ലാത്ത ചോദ്യങ്ങളും പിന്റസിന്റെ ഗന്ധവും ടൊറിയോവിനെ ഒരു പോലെ മഥിച്ചു. ഇണ ചേരാന്‍ ആകാത്ത വിധം അവരുടെ ഗോത്രങ്ങളെ ജൈവികമായി അകറ്റിയ ആ പുരാതന യുഗത്തിലേക്ക് അവന്‍ പ്രാകിത്തുപ്പി.

“എന്തായിരിക്കും ഈ സംസ്കൃതിയുടെ രഹസ്യം?” പിന്റസ് ചോദിച്ചു കൊണ്ടേയിരുന്നു. പുലരുവാന്‍ ഇനി കഷ്ടിച്ച് ഒരു നാഴികയുണ്ടാവാം.

മുറിയിലെ വെളിച്ചം തലയോട്ടിയില്‍ നീലിച്ചു നിന്നു. ഉത്തരം പറയാന്‍ തലയോട്ടി ശ്രമിച്ചുവോ? അതോ യുഗാന്തരങ്ങളുടെ പശ്ചാത്താപമായിരുന്നോ ആ കണ്‍കുഴികളില്‍ ?

അങ്ങകലെ സൂര്യവെളിച്ചത്തിന്റെ ചിറകടി. ടോറിയോ പിന്റസിനോട് ചേര്‍ന്നിരുന്ന് അവളുടെ നെഞ്ചില്‍ തലചേര്‍ത്തു വച്ചു.

അഭയാര്‍ത്ഥി ജൂലൈ 28, 2006

Posted by Sudhir in തരംതിരിക്കാത്ത.
5 comments

എയര്‍പോര്‍ട്ടില്‍ പ്രതീക്ഷിച്ച പോലെ ശര്‍മ്മാജി കാത്തു നില്പുണ്ടായിരുന്നു. ഇളംവെയിലും ശര്‍മ്മാജിയുടെ പരിചിതമായ ചിരിയും പരിഭ്രാന്തിയില്ലാത്ത തിരക്കും സുഖകരമായി തോന്നി.

“താന്‍ പോയതില്‍ പിന്നെ സ്റ്റാഫിനെന്നും തന്നെപ്പറ്റിയേ സംസാരിക്കാനുള്ളു. എല്ലാരും നന്നെ പേടിച്ചിരുന്നു”

അപ്പോഴും വിട്ടു മാറാത്ത പേടി മറക്കാനെന്നോണം ചിരിച്ചു. ശര്‍മ്മാജി തുടര്‍ന്നു:

“നാട്ടില്‍ നിന്ന് പല തവണ നിന്റെ അമ്മ വിളിച്ചു ചോദിച്ചിരുന്നു. പാവം ….”

“എംബസിക്കാര്‍ വീട്ടിലേക്കു വിളിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്നു. അമ്മ ഒരേ കരച്ചിലായിരുന്നു, ശര്‍മ്മാജീ. നാളെയോ മറ്റോ നാട്ടിലേക്കു പോണം ഒരു മൂന്നാലു ദിവസത്തിന്.”

ഫ്ലാറ്റിലേക്ക് ശര്‍മ്മാജിയുടെ കാറിലിരുന്നു പോകുമ്പോള്‍ , പതിവു കാഴ്ചകള്‍ വളരെ വ്യത്യസ്തമാണെന്നു തോന്നി. ഓട്ടോറിക്ഷകള്‍ക്കും ബൈക്കുകള്‍ക്കുമിടയിലൂടെ ശര്‍മ്മാജി നൂണ്ടു നീങ്ങിക്കൊണ്ടിരുന്നു.

“നിന്റെ അനുഭവങ്ങള്‍ തീവ്രമായി എഴുതിത്തരണം ഇന്നു തന്നെ. ലേറ്റ് എഡിഷനിലെങ്കിലും കൊടുക്കണമെന്നാണ് മിശ്ര സര്‍ പറഞ്ഞത്.“

മറുപടി പറഞ്ഞില്ല. അനുഭവങ്ങളുടെ തീവ്രത ഉലയില്‍ ചുവന്നു തിളങ്ങി നിന്നിരുന്നു. വാക്കുകളിലേക്കു രൂപാന്തരം പ്രാപിക്കാന്‍ വിസ്സമ്മതിച്ചു കൊണ്ട്. മറക്കണം, എങ്കിലേ ഓര്‍മ്മിക്കാനാകൂ. എഴുതാനുമാകൂ.

സൈറണ്‍ മുഴക്കി കൊണ്ട് ഒരാംബുലന്‍സ് സൈഡിലൂടെ കടന്നു പോയി. മനസ്സ് പിടച്ചു. അറിയാതെ കാറിനകത്തേക്ക് ചുരുങ്ങാനും തല താഴ്ത്താനും ശ്രമിച്ചു. ശര്‍മ്മാജി ഒന്നും കാണാത്ത മട്ടില്‍ ഡ്രൈവിങ്ങില്‍ ശ്രദ്ധിച്ചു.

“അപ്പോള്‍ നീ ഒന്നു കുളിച്ച് വിശ്രമിക്ക്. വൈകിട്ട് എം.ജി. റോഡിലേക്കിറങ്ങാന്‍ നോക്ക്. ഞാന്‍ വൈകിട്ടു ഫോണ്‍ ചെയ്യാം”

“ശരി. ശര്‍മ്മാജീ…”

ശര്‍മ്മാജി വളവു തിരിഞ്ഞ് മറയും മുന്‍പ് ഓര്‍മ്മകളുടെ ബോംബുകള്‍ അയാള്‍ക്കു ചുറ്റും വീഴാന്‍ തുടങ്ങി.
* * * * * * * * * * * *
കുളിയും ഉറക്കവും കഴിഞ്ഞ് വൈകുന്നേരം വീണ്ടും ശര്‍മ്മാജിയെ കണ്ടപ്പോഴും ക്ഷീണം വിട്ടു മാറിയിരുന്നില്ല. പോകേണ്ട സ്ഥലത്തെ പറ്റി രണ്ടാള്‍ക്കും സംശയമുണ്ടായില്ല. സ്ഥിരം ബാറിലേക്ക്. അന്നെന്തോ പതിവിലേറെ തിരക്കുണ്ടായിരുന്നു.
മദ്യക്കുപ്പിയുടെ രണ്ടറ്റത്തുമിരുന്ന് ബോറടിച്ചപ്പോള്‍ ശര്‍മ്മാജി തിരക്കി:

“നീ വല്ലതും എഴുതിയോ, നാളത്തെ എഡിഷനു വേണ്ടി?”

ശര്‍മ്മാജിക്ക് കാഷ്വല്‍ വസ്ത്രങ്ങളില്‍ കൂടുതല്‍ വയസ്സു തോന്നിച്ചു.

“ഇല്ല, ശര്‍മ്മാജി. ഇന്നു രാത്രി എഴുതി നാളെയേല്പിക്കാം. ഒപ്പം മിശ്ര സാറിനോട് ലീവിന്റെ കാര്യവും സംസാരിക്കണം.“

“ഓ തരാന്‍ മറന്നു, ഡമാസ്കസിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നു വാങ്ങിയതാ. പുരാതന സംസ്കൃതിയുടെ ഒരോര്‍മ്മയ്ക്ക്.”

“നന്ദി. യുദ്ധ ഭൂമിയില്‍ നിന്ന് പ്രാണനും കൊണ്ടോടുമ്പോഴും നിന്നെയേല്‍പ്പിച്ചതൊന്നും നീ മറക്കുന്നില്ല”

ശര്‍മ്മാജി ചിരിച്ചു. പിന്നെ രണ്ടു പേരും മിണ്ടാതിരുന്നു. ഇപ്പോള്‍ ബാറിനുള്ളിലെ തണുത്തു മങ്ങിയ ലൈറ്റുകള്‍ അയാള്‍ക്ക് കൂടുതല്‍ ആശ്വാസകരമായി തോന്നി. ഫ്രൈ ചെയ്ത മാംസാഹാരവുമായി വെയിറ്റര്‍ കടന്നു വന്നു. മണവും ചൂടെണ്ണയുടെ സീല്ക്കാര ശബ്ദവും കേട്ട് അടുത്ത ടേബിളിലെ ആള്‍ക്കാര്‍ തിരിഞ്ഞു നോക്കി. മാംസത്തിന്റെ ഗന്ധം പെട്ടെന്ന് ഓക്കാനം തോന്നിച്ചു. ഓര്‍മ്മകള്‍ തികട്ടി.

മദ്യം വീണ്ടും നിറച്ച് സോഡ ചേര്‍ക്കാതെ അകത്താക്കി കണ്ണുകള്‍ പൂട്ടി. ഓര്‍മ്മകള്‍ വെറും ഓര്‍മ്മക്കുറിപ്പുകള്‍ പോലെ നിര്‍ജ്ജീവമാകട്ടെ. മറവിയുടെ മേഘങ്ങള്‍ പഞ്ഞിക്കെട്ടുകള്‍ പോലെ നീലാകാശം കീഴടക്കട്ടെ.

ധ്യാനത്തിന്റെ ഒടുവില്‍ മനസ് പ്രളയത്തിലെ ആലില പോലെ വെറുതെ ഒഴുകാന്‍ തുടങ്ങി.

“നിനക്കെന്താ പ്രാന്തായോ” ശര്‍മ്മാജിയുടെ ശബ്ദം ബാറിലെ കലപിലയ്ക്കും മുകളിലായിരുന്നു.

കണ്ണു തുറന്ന് ശര്‍മ്മാജിയെ നോക്കി വെളുക്കനെ ചിരിച്ചു. പിന്നെ കുഴയുന്ന കൈ കൊണ്ട് ഫോര്‍ക്കെടുത്ത് മാംസക്കഷണങ്ങള്‍ കുത്തിയെടുത്ത് ചവയ്ക്കുമ്പോള്‍ രാത്രിയെഴുതേണ്ട ലേഖനത്തെപറ്റി മാത്രമായി ചിന്ത. അതെ, ഓര്‍മ്മകള്‍ ജഡങ്ങളായി, കുറിപ്പുകളായി മാത്രം പുനര്‍ജനിക്കട്ടെ. സ്വന്തം ലേഖകന് ഈയിടെ വായനക്കാര്‍ കൂടിയെന്ന് ശര്‍മ്മാജി ഇടയ്ക് എപ്പോഴൊ പുലമ്പിയെന്നു തോന്നുന്നു.

ബാറിലെ കലപില തുടര്‍ന്നു. മാധ്യമരംഗത്തെ ആഗോളവല്‍ക്കരണത്തെപറ്റിയും ഓഫീസില്‍ പുതിയതായി ജോലിക്കു ചേര്‍ന്ന മദാമ്മയെപറ്റിയും, ആത്മഹത്യ ചെയ്ത പഴയ കായിക താരത്തെപറ്റിയും ഒക്കെ ആവേശത്തോടെ ഇരുവരും സംസാരിച്ചു. കഥകള്‍ കേട്ട്, ഒരു കിഴവിയെപ്പോലെ, രാത്രി അവര്‍ക്കു ചുറ്റുമിരുന്നു.

അങ്ങകലെ ഒരായിരം മൈലുകള്‍ക്കുമകലെ കരുത്തന്മാര്‍ ബോംബാക്രമണം തുടര്‍ന്നു. പോര്‍വിമാനങ്ങളുടെ ഗര്‍ജ്ജനം നിലച്ചപ്പോഴേക്കും അവിടത്തെ തെരുവുകള്‍ക്ക് കരിഞ്ഞ പച്ചമാംസത്തിന്റെ ഗന്ധവും അറവുമാടിന്റെ അവസാനത്തെ ശബ്ദവുമായിരുന്നു. മരണത്തിന്റെ, മറവിയുടെ കൂടാരങ്ങള്‍ തേടി അഭയാര്‍ഥികള്‍ പലായനം തുടര്‍ന്നു.