jump to navigation

വഴികള്‍ ഓഗസ്റ്റ് 11, 2006

Posted by Sudhir in വെറും വാക്ക്‌.
1 comment so far

ഭീരുത്വം ചോദിക്കും: “ഇതു സുരക്ഷിതമോ?” കുശാഗ്രബുദ്ധി ചോദിക്കും: “ഇത്  തന്ത്രപരമാണോ?” എന്നാല്‍ മനസാക്ഷിയാകട്ടെ “ഇത് നല്ല വഴിയോ?” എന്നും ചോദിക്കും. എന്നാല്‍ സുരക്ഷിതവും തന്ത്രപരവും ജനസമ്മതവും അല്ലാത്ത വഴികള്‍ ചിലപ്പോള്‍ നമുക്കു തേടേണ്ടതായി വരും. കാരണം മനസാക്ഷി നമ്മോടു പറയുന്നുണ്ടാകും ‘ഇതാണു നിന്റെ മാര്‍ഗം’ എന്ന്. ഞാന്‍പറഞ്ഞതല്ല, മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റേതാണിത്. ഇന്ന് റേഡിയോ തുറന്നപ്പോള്‍ കേട്ട സുഭാഷിതം. നല്ലതെന്നു തോന്നിയതിനാല്‍ ചൂണ്ടിക്കാട്ടുന്നു.

Advertisements

എന്തിനായിരുന്നു ഈ പാതകം? ജൂലൈ 11, 2006

Posted by Sudhir in നുറുങ്ങു കവിതകള്‍, വെറും വാക്ക്‌.
7 comments

ചവര്‍പ്പും, ചൂടും,
ചേരിയിലെ ചൂരും സഹിച്ച്
ജീവിതത്തിന്റെ കീറിയ അറ്റങ്ങള്‍
നെയ്തു ചേര്‍ക്കാനുള്ള
ഞങ്ങളുടെ തത്രപ്പാടില്‍
നെഞ്ചു തകര്‍ത്തു വന്ന ദുരന്തമേ
എന്തിനായിരുന്നു
ഞങ്ങളുടെ ഈ ചോര?
ആരുടെ സ്വാതന്ത്ര്യ ദാഹമാണ്,
ഏതു പ്രത്യയശാസ്ത്രത്തിന്റെ
ഇരുമ്പേടുകളാണ്,
വന്യമായ ഏതു പ്രതികാരമാണ്,
ഞങ്ങളുടെ നെഞ്ചിന്‍‌കൂട്
തച്ചു തകര്‍ത്ത് പൊട്ടിത്തെറിച്ചത്?
കൊലയാളികളേ!
എന്തിനായിരുന്നു ഈ പാതകം?
കുമിഞ്ഞു കൂടുന്ന,
ഞങ്ങളുടെ അസ്ഥികൂടങ്ങള്‍ക്ക്,
ഒരുത്തരമെങ്കിലും തരിക!

ലൈംഗികത-ചൂഷണം-സമൂഹം ജൂലൈ 11, 2006

Posted by Sudhir in വെറും വാക്ക്‌.
1 comment so far

ആണായി ജനിക്കേണ്ടിയിരുന്നില്ല” എന്ന കല്ലേച്ചിയുടെ കുറിപ്പ് വായിക്കേണ്ടതാണ്. അവിടെ പോയി വലിയ (അധിക) പ്രസംഗം പ്രസംഗിക്കണ്ട എന്നു കരുതിയാണ് ഇവിടെ ഒരനുബന്ധമായി ഇതു ചേര്‍ക്കുന്നത്.

സ്ത്രീയെ ഉപഭോഗ വസ്തുവാക്കുന്നതിന്റെ ഉത്തരവാദിത്തം പുരുഷനാണോ? നമ്മുടെ സമൂഹത്തില്‍ പുരുഷന് സാമ്പത്തിക സ്വാതന്ത്ര്യം കൂടുതലുള്ളതിനാല്‍ കച്ചവടക്കണ്ണുകള്‍ അവന്റെ ലൈംഗികതയെ ചൂഷണം ചെയ്യുകയല്ലേ ചെയ്യുന്നത്? ഇക്കാര്യത്തില്‍ പുരുഷനും സ്ത്രീയും ഒരു പോലെ ഇരകളല്ലേ? സ്ത്രീകളുടെ വാങ്ങല്‍ശേഷി വര്‍ദ്ധിക്കുന്നതനുസരിച്ച് പരസ്യങ്ങളില്‍ പുരുഷ നഗ്നതയും കൂടുതലായി ഉപഗോഗിക്കപ്പെടും. തൊണ്ണൂറുകള്‍ മുതലുള്ള പരസ്യങ്ങളില്‍ പുരുഷന്മാരും വരുന്നുണ്ടെന്നാണ് എന്റെ ഒരു വിചാരം.

സ്ത്രീ ലൈംഗികത മാത്രമാണോ ചൂഷണം ചെയ്യപ്പെടുന്നത്? ഒരു വാഷിങ് മെഷീന്റെയോ പ്രെഷര്‍ കുക്കറിന്റെയോ പരസ്യത്തില്‍ എന്തു കൊണ്ട് സ്ത്രീ മാത്രം പ്രത്യക്ഷപ്പെടുന്നു? പുരോഗമനവാദികള്‍ എന്നു വിശേഷിപ്പിക്കുന്നവരില്‍ പോലും എത്ര പേര്‍ വര്‍ഗ്ഗ രഹിതമായ (തൊഴില്‍ വിഭജനത്തിന്റ കാര്യത്തിലെങ്കിലും) കുടുംബം പടുത്തുയര്‍ത്തുന്നു? സ്ത്രീയെ ഭക്ഷണം പാകം ചെയ്യാനും, വസ്ത്രമലക്കാനും കുട്ടിയെപ്പേറാനും പിന്നെ സമയമുണ്ടെങ്കില്‍ ജോലി ചെയ്തു നാലു തുട്ടു സമ്പാദിക്കാനും ഉള്ള ഉപാധിയായി കരുതുന്ന ചൂഷണ ചിന്താഗതിയുടെ മറ്റൊരു വശം മാത്രമല്ലെ ലൈംഗിക ചൂഷണത്തിന്റേതും?

വ്യത്യസ്തമായി ചിന്തിക്കുകയും ചിന്ത പ്രവര്‍ത്തിക്കുകയും ചെയ്യുന്ന  ഒരു സുഹൃത്ത് പറഞ്ഞത് ഓര്‍ത്തു കൊണ്ട് ഈ കുറിപ്പ് ചുരുക്കട്ടെ:

“പശുവിനെ അമ്മയായും അമ്മയെ പശുവായും കരുതുന്ന ഒരു പുരുഷാധിപത്യ സമൂഹമാണ് നമ്മുടേത്”

അധിനിവേശത്തിന്റെ ഭാഷ, അതോ മറിച്ചോ? ജൂണ്‍ 18, 2006

Posted by Sudhir in രാഷ്ട്രീയം, വെറും വാക്ക്‌.
10 comments

അമേരിക്ക പല തരം. തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, മധ്യ അമേരിക്ക എന്നൊക്കെ. പക്ഷേ, അമേരിക്കയെന്നാല്‍ നമുക്കെല്ലാം വടക്കെ അമേരിക്കയിലെ U.S.A തന്നെ. മാധ്യമങ്ങളും അത്തരത്തില്‍ തന്നെ വിവക്ഷിക്കുന്നതും.

middle east എന്നാല്‍ നമുക്കെല്ലാം സുപരിചിതം. ധാരാളം മലയാളികള്‍ ഉപജീവനം കണ്ടെത്തുന്ന പുണ്യഭൂമി. സായിപ്പന്മാര്‍ എണ്ണയ്ക്കു കുഴിച്ചു കുഴിച്ച് പാലസ്തീന്റെ നെഞ്ചു വരെ കുത്തിക്കുഴിച്ചതും നമുക്കെല്ലാം സുപരിചിതം. ഈ middle east, middle east ആയതെങ്ങനെ? അറേബ്യക്കും കിഴക്കുള്ള നമ്മളെന്തേ middle east എന്നു വിളിക്കുന്നൂ?

യു.എസ്.എ. എന്ന അമേരിക്കയില്‍ പല തരം അമേരിക്കക്കാരുണ്ട്. ആഫ്രിക്കന്‍ അമേരിക്കന്‍, ഏഷ്യന്‍ അമേരിക്കന്‍, ഇന്ത്യന്‍ അമേരിക്കന്‍ തുടങ്ങി പല തരം. എന്തു കൊണ്ടൊ യൂറൊപ്പീയന്‍ അമേരിക്കന്‍ എന്നധികം കേട്ടിട്ടില്ല. 1492-ല്‍ അധിനിവേശത്തിന്റെ തിന്മകളെല്ലാം പാസ്സായ സാക്ഷാല്‍ കൊളമ്പസിനെ സ്വീകരിച്ചിരുത്തിയ നിഷ്കളങ്കരായ ഒറിജിനല്‍ അമേരിക്കക്കാരനും ഒരു പേരുണ്ട്: അമേരിക്കന്‍ ഇന്‍ഡ്യന്‍.

ഈ വാക്കുകളിലെ മായാജാലം യാദൃശ്ചികമോ?

പദ്മ ഗൂഗിളിന്റെ കൂട്ടുകാരി. ഏന്റെയും. ജൂണ്‍ 16, 2006

Posted by Sudhir in വെറും വാക്ക്‌.
10 comments

ഒരു പക്ഷേ ഇതൊരു വാര്‍ത്തയേ ആവില്ല. മലയാളം ബൂലോകര്‍ക്കറിയാവുന്ന ഒരു സാദാ കാര്യമാണെങ്കില്‍ കൂമനോട്‌ അങ്ങു ക്ഷമിച്ചാട്ടെ.

രണ്ടു മൂന്ന് മുന്‍പ്‌, മലയാളം വിക്കിപ്പീഡിയയില്‍ പരതി നടന്ന കാലം. അന്നും വരമൊഴി തന്നെ ശരണം. പക്ഷെ ഗൂഗിളില്‍ മലയാളം യൂണികോഡില്‍ കശ്ശക്കാന്‍ എന്തു വഴി? ഗൌരവമുള്ള എഴുത്തുകള്‍ക്ക്‌ വരമൊഴി സൂപ്പറാണെങ്കിലും ഒന്നോ രണ്ടോ വാക്കുകള്‍ ഗൂഗിളില്‍ ടൈപ്പ്‌ ചെയ്യാന്‍ ബ്രൌസറില്‍ തന്നെ, അന്നെന്റെ അറിവില്‍ സംവിധാനമില്ല. മാത്രവുമല്ല, cygwin-വരമൊഴി തമ്മില്‍ത്തല്ലു കാരണം എല്ലായിടത്തും വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്യുക പ്രായോഗികവുമായിരുന്നില്ല. (ഈയിടെ അതിനും ഒരു ചുറ്റിക്കളി – workaround – കണ്ടിട്ടുണ്ട്‌.)

ഈയിടെയാണ്‌ പദ്മയെന്ന ഫയര്‍ഫോക്സ്‌ എക്സ്റ്റെന്‍ഷനെ പറ്റി അറിയുന്നത്‌. വരമൊഴിയിലെ ലിങ്കു വഴിയാണ്‌ അവിടെത്തിയത്‌. എന്തായാലും പദ്മേച്ചിയെ ഫയര്‍ ഫോക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഗൂഗിളില്‍ സൌകര്യമായി തെരയാം.
1. പദ്മ എക്സ്റ്റെന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. (ഇവിടെ ക്ലിക്ക്‌ ചെയൂ)
2. ഗൂഗിളില്‍ പോയി പരതല്‍പ്പെട്ടിയില്‍ kUman എന്ന് ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്യുക.
3. kUman സെലെക്റ്റ്‌ ചെയ്ത്‌ വലതു ക്ലിക്കി INTRANS to Malayalam സെലെക്റ്റ്‌ ചെയ്യുക. സെര്‍ച്ച്‌ ബോക്സില്‍ "കൂമന്‍" ആയി മാറുകയും, സെര്‍ച്ച്‌ ചെയ്യുന്ന പക്ഷം കൂമന്റെ ബ്ലൊഗ്‌ പ്രത്യക്ഷമാവുമയും ചെയ്യും.

പക്ഷേ ഒരേയൊരു സങ്കടം. സെര്‍ച്ച്‌ പട്ടികയില്‍ വളരെ താഴെയാണ്‌ കൂമന്റെ സ്ഥാനം. നമ്മുടെ കൂമന്‍പള്ളി ഒന്നാമതങ്ങനെ വിലസി വിരാജിക്കുന്നു.

സ്വയം പുരാണം ജൂണ്‍ 13, 2006

Posted by Sudhir in വെറും വാക്ക്‌.
3 comments

owl.jpg

ഞാന്‍ കൂമന്‍. മരപ്പൊത്തില്‍ വാസം, ഇരുട്ടില്‍ ഇര പിടുത്തം. അമാവാസിയില്‍ പതുങ്ങി വരുന്ന തിരുടകശ്മലന്മാരെ നോക്കി ഞാനമര്‍ത്തി മൂളാറുണ്ട്‌. ചില മുല്ലവള്ളികളും, അഞ്ചാറു നിശാ ശലഭങ്ങളും ചീവീടുകളും ഒഴികെ സുഹൃത്തുക്കള്‍ കമ്മി. പകലിന്റെ കാപട്യത്തെക്കാള്‍ എനിക്കു പഥ്യം രാത്രിയുടെ കളങ്കമാണ്‌.