jump to navigation

വാക്കുകള്‍ ഓഗസ്റ്റ് 4, 2006

Posted by Sudhir in നുറുങ്ങു കവിതകള്‍.
6 comments

എന്തിനീ വാക്കുകള്‍ , നോവും മനസ്സില്‍ നി-
ന്നിന്നു ചിതറിയ വെള്ളാരങ്കല്ലുകള്‍ ?
വേനലിന്‍ ചൂടില്‍ വീണു തകര്‍ന്നൊരു
വറ്റിയ മണ്‍കുടം മാത്രമീ വാക്കുകള്‍ !

ശത്രുക്കളങ്ങളില്‍ പൊട്ടിത്തെറിക്കുന്ന,
ഗര്‍വ്വിന്റെ മസ്തകം തച്ചു തകര്‍ക്കുന്ന‍
വെള്ളിടിയാകുവാന്‍ , കല്ലറ തീര്‍ക്കുവാന്‍
നീല ദേഹങ്ങളില്‍ അമൃതം തളിക്കുവാന്‍

ചോരയില്‍ വീണു മയങ്ങുന്ന കുഞ്ഞിന്റെ
അമ്മിഞ്ഞയാകുവാന്‍ , താരാട്ടുപാടുവാന്‍
മണ്ണിന്‍ വരള്‍ച്ചയില്‍ പേമാരിയാകുവാന്‍
വേദന വിങ്ങുമീ വാക്കുകള്‍ക്കാവുമോ!

വെടിയേറ്റു വീണ ഞരക്കത്തിന്‍ നേര്‍ത്തൊരു
പ്രതിരൂപമെങ്കിലുമാകുമോ വാക്കുകള്‍ !

വിടചൊല്ലി നീലവിഷം മോന്തിയകലുമീ
കവിതയുടെ നെഞ്ചില്‍ നിറയൊഴിക്കാമിനി

യുദ്ധമോഹങ്ങള്‍ക്കു ദാഹമടക്കുവാന്‍‍
വീണ മൃഗമാകുമെന്റെയീ വാക്കുകള്‍ !

വാരിയെടുത്തു മടങ്ങട്ടെ ഞാനിനി
വാടിയ പൂക്കള്‍തന്‍ മായാത്ത പുഞ്ചിരി

Advertisements

ന്യൂനപക്ഷം, ഭൂരിപക്ഷം ജൂലൈ 12, 2006

Posted by Sudhir in നുറുങ്ങു കവിതകള്‍, രാഷ്ട്രീയം.
1 comment so far

നോക്കിയിടത്തൊക്കെ
ന്യൂനപക്ഷങ്ങളും അവരുടെ അവകാശങ്ങളും
അതിനെപ്പറ്റിയുള്ള ചര്‍ച്ചകളുമാണ്.
തിരുമേനിമാരും കച്ചവടക്കാരും
പുതുപ്പണക്കാരും ചില കരവാസികളും
പരദേശികളും ഒക്കെയടങ്ങുന്ന
പവിത്രമായ ഒരു സമുച്ചയമാണത്രേ
ന്യൂനപക്ഷം

അവരുടെ പാവനമായ അവകാശങ്ങള്‍
എടുക്കണമെന്നും കൊടുക്കണമെന്നും
വക്കാലത്തുകാര്‍
കോടതി മുറിയില്‍ വീറോടെ വാദിക്കുന്നു.
പരസ്യവും കണ്ണീര്‍ക്കടല്‍നാടകങ്ങളും
മാറാലപോലെ മൂടിയ മാദ്ധ്യമങ്ങളില്‍
ഇടക്കിടെ വീണു കിട്ടുന്ന
സമയത്തുണ്ടുകളില്‍
സര്‍വ്വജ്ഞന്മാര്‍ ബോധവല്‍ക്കരണം തുടരുന്നു.
ഫാക്സുകള്‍‌‌ സന്ദേശങ്ങള്‍ ഹര്‍ജ്ജികള്‍ പത്രസമ്മേളനങ്ങള്‍
ചുറ്റും ജീവിതം വളരെ സജീവം

ഞാന്‍ ഭൂരിപക്ഷത്താണ്.
എന്നോടൊപ്പം
കാണിയും കങ്കാണിയും
മുസല്‍മാനും നസ്രാണികളും
തീയനും നായരും ഒക്കെയുണ്ട്.
ഞങ്ങളുടെ അവകാശങ്ങളെപ്പറ്റി ഞങ്ങള്‍ ചിന്തിക്കാറില്ല.
കാരണം ഞങ്ങള്‍
ഭൂരിപക്ഷമാണല്ലോ.
വെറും ഭൂരിപക്ഷമല്ല,
മൃഗീയ ഭൂരിപക്ഷം.

എന്‍ആര്‍‌ഐകളുടെ
ഗൃഹാതുരത്വമോ,
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തെപ്പറ്റി
ഉല്‍ക്കണ്ഠയോ,
ഭരണഘടനയെപ്പറ്റി
അപാരജ്ഞാനമോ,
ഒന്നും ഞങ്ങളിലാര്‍ക്കുമില്ല.

പ്രഭാതങ്ങളില്‍ ഞങ്ങളുടെ പാഴ്‌മുറ്റത്ത്
മനഃപ്രയാസങ്ങള്‍ ഉദിച്ചുയരുന്നു.
നട്ടുച്ചയ്ക്ക് ഞങ്ങള്‍ വയലോരങ്ങളിലെ
പൊരിവെയിലത്താണ്
സായാഹ്നങ്ങളില്‍ നാല്‍ക്കവലകളിലെ
കടലക്കച്ചവടത്തിന്റെ തിരക്കിലാണ്
രാത്രി ചാരായവും കാമവും കരച്ചിലും ഒക്കെയായി
കണ്ണു കലങ്ങി നിദ്രയിലൂടെ ഊളിയിടുന്നു.

ഞങ്ങള്‍ തിരക്കിലാണ്.
ഞങ്ങള്‍ക്ക് അവകാശത്തെപ്പറ്റി ചിന്തിക്കാന്‍
സമയമില്ല
പകരം ആവശ്യത്തെപ്പറ്റി മാത്രം ചിന്തിക്കുന്നു.
സാരമില്ല, ഞങ്ങള്‍ ഭൂരിപക്ഷമല്ലേ
അതും മൃഗീയ ഭൂരിപക്ഷം!

ന്യൂനപക്ഷക്കാര്‍ തെരുവിലിറങ്ങട്ടെ.
ഞങ്ങള്‍ക്കു നേരെ പല്ലിളിച്ച്, മുഷ്ഠി ചുരുട്ടി,
അവകാശങ്ങള്‍ നേടിയെടുക്കട്ടെ.
അവര്‍ വരച്ച
ലക്ഷ്മണ രേഖയ്ക്കു താഴെ
ഞങ്ങള്‍ ഭൂരിപക്ഷം കലഹിക്കാതെ ജീവിച്ചോട്ടെ.
ജന്മനാ അവകാശങ്ങളുടെ
ഇല്ലായ്മയായിരുന്നോ
ഞങ്ങളെ കരയിച്ചിരുന്നത്?

ഇല്ലായ്മ മാത്രം അവകാശപ്പെട്ട
ഭൂരിപക്ഷം.
മൃഗീയ ഭൂരിപക്ഷം!

എന്തിനായിരുന്നു ഈ പാതകം? ജൂലൈ 11, 2006

Posted by Sudhir in നുറുങ്ങു കവിതകള്‍, വെറും വാക്ക്‌.
7 comments

ചവര്‍പ്പും, ചൂടും,
ചേരിയിലെ ചൂരും സഹിച്ച്
ജീവിതത്തിന്റെ കീറിയ അറ്റങ്ങള്‍
നെയ്തു ചേര്‍ക്കാനുള്ള
ഞങ്ങളുടെ തത്രപ്പാടില്‍
നെഞ്ചു തകര്‍ത്തു വന്ന ദുരന്തമേ
എന്തിനായിരുന്നു
ഞങ്ങളുടെ ഈ ചോര?
ആരുടെ സ്വാതന്ത്ര്യ ദാഹമാണ്,
ഏതു പ്രത്യയശാസ്ത്രത്തിന്റെ
ഇരുമ്പേടുകളാണ്,
വന്യമായ ഏതു പ്രതികാരമാണ്,
ഞങ്ങളുടെ നെഞ്ചിന്‍‌കൂട്
തച്ചു തകര്‍ത്ത് പൊട്ടിത്തെറിച്ചത്?
കൊലയാളികളേ!
എന്തിനായിരുന്നു ഈ പാതകം?
കുമിഞ്ഞു കൂടുന്ന,
ഞങ്ങളുടെ അസ്ഥികൂടങ്ങള്‍ക്ക്,
ഒരുത്തരമെങ്കിലും തരിക!

കവിയും കര്‍ഷകനും ജൂണ്‍ 27, 2006

Posted by Sudhir in നുറുങ്ങു കവിതകള്‍.
3 comments

കവിയ്ക്കും കര്‍ഷകനും പങ്കു വയ്ക്കാനെന്തുണ്ട്?
ഒരക്ഷരത്തിന്റെ കൂട്ട്
അല്ലെങ്കില്‍ കാത്തിരിപ്പിന്റെ നെഞ്ചിടിപ്പ്.

ഒരുവന്‍ ചേറിന്‍ മഹിമയുടെ പാട്ടുകാരന്‍
ഇവനോ, ചേറ്റില്‍ നിന്നും മുത്തു കൊയ്യുന്നവന്‍.

മൌനത്തില്‍ നിന്നും,
മനനത്തിന്റെ കരിമേഘങ്ങളില്‍ നിന്നും,
മഴയുടെ സംഗീതം മെനഞ്ഞ കവിയ്ക്കും,
മഴയുടെ സംഗീതത്തിനായി
കാതോര്‍ത്ത്, മനം നൊന്ത്
മൌനത്തിന്റെ കരിമ്പടം
പുതച്ചിരിക്കും കര്‍ഷകനും
എന്തുണ്ട് പങ്കു വയ്ക്കാന്‍,
നോവിന്റെ ഈ ഇതളല്ലാതെ?

കനവുകള്‍ വാരിക്കൂട്ടി
തീ കാഞ്ഞിരിക്കുമ്പോള്‍,
ദുരൂഹമായ മന്ദഹാസത്തോടെ,
കര്‍ഷകന്‍ കവിയോട് ചോദിച്ചു:
നിലാവു വീഴാത്ത വഴികളില്‍,
തീനാളങ്ങളിഴയുമ്പോള്‍
നീയെന്തേ ചിന്തിക്കുന്നൂ?

ഇരുട്ടിനെ വിഴുങ്ങുന്ന രോഷത്തെപ്പറ്റി,
വിശുദ്ധമായ പ്രതികാരത്തെപ്പറ്റി,
സഫലമായ കാമത്തെപ്പറ്റി,
ദുഃഖത്തെ വിയര്‍പ്പാക്കി മാറ്റുന്ന
ഉഷ്ണത്തെപ്പറ്റി..
നീയോ?

നാളങ്ങളില്‍ മുഖം പൂഴ്ത്തിയ
നിഴലിനെപ്പറ്റി,
രതിയുടെ വിരസതയെപ്പറ്റി,
വിയര്‍പ്പിന്റെ ദുഃഖത്തെപ്പറ്റി.

നമുക്കു പൊതുവായെന്തുണ്ട്, പകുക്കാന്‍,
ഒറ്റപ്പെടലിന്റെ ഈ നെഞ്ചിടിപ്പല്ലാതെ?

കത്ത്‌ ജൂണ്‍ 13, 2006

Posted by Sudhir in നുറുങ്ങു കവിതകള്‍.
6 comments

വിഷാദത്തിന്റെ വിറയാര്‍ന്ന തിരി.
വസന്തത്തിന്റെ ഓര്‍മ.
സൌഹൃദങ്ങളുടെ, പുറം ചട്ട കീറിയ
പഴയ പുസ്തകങ്ങള്‍.

ഇതെന്റെ വായനാ മുറി.

അയലത്തെ മുറിയില്‍
മകളും ഉടയോളും ഉറങ്ങുന്നു.

പൊടി മൂടിയ പങ്കയുടെ
വരണ്ട മൂളിച്ച എന്നെ
ഉറക്കത്തിലേക്കു
മുക്കിത്താഴ്ത്തുന്നു.

എങ്കിലും എനിക്കീ കത്ത്‌
മുഴുമിക്കാതെ വയ്യ.
എന്നെ മറന്ന, ഞാന്‍ മറന്ന
എന്റെ കൂട്ടുകാരിക്ക്‌
അയക്കപ്പെടാന്‍ വേണ്ടിയല്ലാത്ത
ഒരു കത്ത്‌.

ഓടിത്തളര്‍ന്ന കാലുകളിടറി
വിസ്മൃതിയുടെ വിശറിക്കടിയില്‍
അഭയാര്‍ഥിയായി
ഇരുട്ടിന്റെ നടവഴിയിലേക്ക്‌
ഇറങ്ങി മായും മുന്‍പ്‌
സ്മരണയുടെ, വിയര്‍പിന്റെ
കയ്പുള്ള ഒരു കയ്യൊപ്പ്‌.

കാലമേ, തലമുറകളും കടന്ന്
നീയീ കത്താ കൈകളിലെത്തിച്ചാലും

ഓണബഡ്ജറ്റ്‌ ജൂണ്‍ 12, 2006

Posted by Sudhir in നുറുങ്ങു കവിതകള്‍.
5 comments

ഓണമിങ്ങെത്തുവാന്‍ ആറേഴു നാളുകള്‍
ഉണ്ണിക്ക്‌, ഉടയോള്‍ക്കുമുടുപുടവ വാങ്ങണം,
അഛനുമമ്മയ്ക്കും മല്‍മുണ്ടെടുക്കണം,
ഓപ്പോള്‍ക്കു സാരി, കുട്ട്യോള്‍-
ക്കടുക്കളപ്പാത്രക്കളിക്കൂട്ടംവാടക കൂടുതല്‍ വാങ്ങുവാനോങ്ങുന്ന
വീട്ടുടമയ്ക്കൊരു മേല്‍മുണ്ടു വാങ്ങണം
ഓണമന്നന്തിക്കു പടിയിറങ്ങും മുന്‍പു,
വാങ്ങി വായിക്കണം
സാഹിത്യ വാരികാ വര്‍ഷപ്പതിപ്പിലെ,
ഓ.എന്‍.വി.സാറിന്റെ "നൊമ്പരമുത്തുകള്‍"

പദ്മനാഭന്‍ തന്ന കാല്‍പണം കൊണ്ടു ഞാന്‍
അത്ഭുതം കാട്ടുവാന്‍ എന്നെ തുണയ്ക്കു നീ!