jump to navigation

യുണൈറ്റഡ് ഫ്രൂട്ട് കമ്പനി ഓഗസ്റ്റ് 16, 2006

Posted by Sudhir in വിവര്‍ത്തനങ്ങള്‍.
trackback

 “മാറുന്ന കാലഘട്ടത്തില്‍ എന്തായിരിക്കണം ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനമേഖല“ എന്നുള്ള സംവാദത്തില്‍ നിന്നും സംഭരിച്ച ഊര്‍ജ്ജമെടുത്ത് ഒരു തര്‍ജുമ ചെയ്തതാണ്.  ബെന്നിയുടെ ബ്ലോഗിലെ ആ സംവാദം ഇവിടെ. പാബ്ലോ നെരൂദയുടെ  ‘യുണൈറ്റഡ് ഫ്രൂട്ട് കമ്പനി’ എന്ന കവിതയുടെ ഒരു അരയ്ക്കാല്‍ വിവര്‍ത്തനം. 

 നെരൂദയും ബ്രഹതും ഒക്കെ അതി സുന്ദരമായി സച്ചിദാനന്ദന്‍ നമ്മെ പരിചയപ്പെടുത്തിയിട്ടുള്ളതാണ്. പക്ഷേ അത്തരത്തിലുള്ള പരിഭാഷ എന്റെ വശം ഇല്ലാത്തതിനാല്‍ സ്വന്തമായി ഒരു കശാപ്പങ്ങു നിര്‍വഹിച്ചു. നെരൂദയുടെ കവിത വിരൂപമാക്കിയെങ്കില്‍ മാപ്പു ചോദിച്ചു കൊണ്ട്…

മൂല കൃതി സ്പാനിഷിലാണ്.  (സ്പാനിഷ് എനിക്ക് അശേഷം വശമില്ല) ജോണ്‍ ഫെല്‍‌സ്റ്റിനര്‍ ( John Felstiner) അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ചെയ്തതാണ് ഞാന്‍ വീണ്ടും മലയാളത്തിലാക്കിയത്.  (The Essential Neruda, Selected Poems, Edited by Mark Eisner, Published by City Lights). ഓരോ മൊഴിമാറ്റത്തിലും ചോരുന്നത് കവിതമാത്രമെന്ന് അറിയാഞ്ഞിട്ടല്ല.

തെറ്റുകള്‍ പൊറുക്കുക, ചൂണ്ടിക്കാട്ടുക.

യുണൈറ്റഡ് ഫ്രൂട്ട് കമ്പനി
 — പാബ്ലോ നെരൂദ

ശംഖുനാദം മുഴങ്ങിയപ്പോള്‍
ഭൂമിയില്‍ എല്ലാം ഒരുക്കിയിരുന്നു.
പിന്നെ, യഹോവ ലോകത്തെ
കൊക്കൊക്കോള, ആനകോണ്ട, ഫോര്‍ഡ് …
കമ്പനികള്‍ക്കായി പകുത്തു കൊടുത്തു.
യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയ്ക്ക്
അതിലേറ്റം ഇനിപ്പേറിയത്:
എന്റെ ലോകത്തിലെ മധ്യദേശത്തെ തീരം,
അമേരിക്കയുടെ തുടുത്ത അരക്കെട്ട്.

അവരീ ദേശങ്ങളെ –
വെറും വെള്ളരിക്കാപ്പട്ടണങ്ങള്‍ –
ഉറക്കമായ ജഡങ്ങള്‍ക്കു മുകളിലൂടെ,
ചങ്ങല പൊട്ടിച്ച് കലാപം നടത്തിയ
മഹാ ധീരന്മാര്‍ക്കു മുകളിലൂടെ,
വീണ്ടും മാമോദീസ മുക്കിയെടുത്തു
പുതിയ പാവക്കൂത്തുകള്‍ സ്ഥാപിച്ചു.
ഹൃദയത്തിന്റെ സ്വാതന്ത്ര്യം നിരോധിച്ചു.
പരമാധികാരത്തിന്റെ കിരീടങ്ങള്‍ വിതരണം ചെയ്തു.
അസൂയയെ അഭിനന്ദിച്ചു.
ഈച്ചകളുടെ ഏകാധിപത്യത്തെ
ക്ഷണിച്ചിരുത്തി:
സഹനത്താല്‍ തലകുനിഞ്ഞ രക്തവും
പഴച്ചാറുമൊട്ടുന്ന ഈച്ചകള്‍ ,
ചുടലമാടങ്ങളിലൂടെ മൂളിപ്പറക്കുന്ന
കുടിച്ചുന്മത്തരായ ഈച്ചകള്‍ ,
അഭ്യാസികളും കൌശലക്കാരുമായവ,
ഏകാധിപത്യത്തിനു പുകള്‍പെറ്റവ.

ചോരക്കൊതിയന്മാരായ ഈച്ചകളുമായി
വന്നൂ ഫ്രൂട്ട് കമ്പനി.
പാതിമുങ്ങിയ ഞങ്ങളുടെ പറമ്പുകളില്‍ നിന്ന്
തട്ടത്തിലേക്ക് നിധി കൂനകൂട്ടിയിടുമ്പോലെ
കടലില്‍ നങ്കൂരമിട്ട കപ്പലുകളിലേക്ക്
കാപ്പിയും പഴങ്ങളും വാരിക്കൂട്ടി

എപ്പൊഴോ
ഹാര്‍ബറുകളിലെ മധുരവെള്ളം നിറഞ്ഞ
ചതിക്കുഴികളില്‍ വീണുപോയ
ആദിവാസികളൊന്നാകെ
പുലര്‍ലമഞ്ഞില്‍ അടക്കം ചെയ്യപ്പെട്ടു.

ഒരു ദേഹമുരുളുന്നു.
പേരില്ലാത്ത ഒരു ജഡം.
ഉപയോഗിച്ചുപേക്ഷിച്ച ഒരക്കം
ചവറ്റുകോട്ടയിലേക്കെറിഞ്ഞ
അഴുകിയ ഒരു പഴക്കുല

അഭിപ്രായങ്ങള്‍»

1. kooman - ഓഗസ്റ്റ് 16, 2006

“മാറുന്ന കാലഘട്ടത്തില്‍ എന്തായിരിക്കണം ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനമേഖല” എന്നുള്ള സംവാദത്തില്‍ നിന്നും സംഭരിച്ച ഊര്‍ജ്ജമെടുത്ത് ഒരു തര്‍ജുമ ചെയ്തതാണ്. പാബ്ലോ നെരൂദയുടെ ‘യുണൈറ്റഡ് ഫ്രൂട്ട് കമ്പനി’ എന്ന കവിതയുടെ ഒരു അരയ്ക്കാല്‍ വിവര്‍ത്തനം.

2. Rajiv - ഓഗസ്റ്റ് 19, 2006

I feel that the lines of Neruda are relevant to our country also ( to be precise, relevant to all third world ). Kooman, Good post. Keep it up.
WRG
Rajiv

3. വിമതന്‍ - ഓഗസ്റ്റ് 24, 2006

വിവര്‍ത്തനം വ‌ളരെ നന്നായി. നെരൂദയുടെ കവിത ഇന്നും (നമുക്കും) പ്രസക്തമാണ്. കൊകൊക്കോളയ്ക്കും, കോര്‍പ്പറേഷനുകള്‍ക്കും, ദൈവം പകുത്തു കൊടുത്ത നമ്മുടെ നാടിനെക്കുറിച്ച് പക്ഷെ അധികം സംസാരിച്ചാല്‍ താങള്‍ ഒരുപക്ഷെ “വികസന വിരോധി” യാ‍യി വിശേഷിക്കപ്പെടും. ജാഗ്രതൈ!


ഒരു അഭിപ്രായം ഇടൂ