jump to navigation

അഭയാര്‍ഥി ജൂലൈ 25, 2006

Posted by Sudhir in കഥകള്‍.
trackback

എയര്‍പോര്‍ട്ടില്‍ പ്രതീക്ഷിച്ച പോലെ ശര്‍മ്മാജി കാത്തു നില്പുണ്ടായിരുന്നു. ഇളംവെയിലും ശര്‍മ്മാജിയുടെ പരിചിതമായ ചിരിയും പരിഭ്രാന്തിയില്ലാത്ത തിരക്കും സുഖകരമായി തോന്നി.

“താന്‍ പോയതില്‍ പിന്നെ സ്റ്റാഫിനെന്നും തന്നെപ്പറ്റിയേ സംസാരിക്കാനുള്ളു. എല്ലാരും നന്നെ പേടിച്ചിരുന്നു”

അപ്പോഴും വിട്ടു മാറാത്ത പേടി മറക്കാനെന്നോണം ചിരിച്ചു. ശര്‍മ്മാജി തുടര്‍ന്നു:

“നാട്ടില്‍ നിന്ന് പല തവണ നിന്റെ അമ്മ വിളിച്ചു ചോദിച്ചിരുന്നു. പാവം ….”

“എംബസിക്കാര്‍ വീട്ടിലേക്കു വിളിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്നു. അമ്മ ഒരേ കരച്ചിലായിരുന്നു, ശര്‍മ്മാജീ. നാളെയോ മറ്റോ നാട്ടിലേക്കു പോണം ഒരു മൂന്നാലു ദിവസത്തിന്.”

ഫ്ലാറ്റിലേക്ക് ശര്‍മ്മാജിയുടെ കാറിലിരുന്നു പോകുമ്പോള്‍ , പതിവു കാഴ്ചകള്‍ വളരെ വ്യത്യസ്തമാണെന്നു തോന്നി. ഓട്ടോറിക്ഷകള്‍ക്കും ബൈക്കുകള്‍ക്കുമിടയിലൂടെ ശര്‍മ്മാജി നൂണ്ടു നീങ്ങിക്കൊണ്ടിരുന്നു.

“നിന്റെ അനുഭവങ്ങള്‍ തീവ്രമായി എഴുതിത്തരണം ഇന്നു തന്നെ. ലേറ്റ് എഡിഷനിലെങ്കിലും  കൊടുക്കണമെന്നാണ് മിശ്ര സര്‍ പറഞ്ഞത്.“

മറുപടി പറഞ്ഞില്ല. അനുഭവങ്ങളുടെ തീവ്രത ഉലയില്‍ ചുവന്നു തിളങ്ങി നിന്നിരുന്നു. വാക്കുകളിലേക്കു രൂപാന്തരം പ്രാപിക്കാന്‍ വിസ്സമ്മതിച്ചു കൊണ്ട്. മറക്കണം, എങ്കിലേ ഓര്‍മ്മിക്കാനാകൂ. എഴുതാനുമാകൂ.

സൈറണ്‍ മുഴക്കി കൊണ്ട് ഒരാംബുലന്‍സ് സൈഡിലൂടെ കടന്നു പോയി. മനസ്സ് പിടച്ചു. അറിയാതെ കാറിനകത്തേക്ക് ചുരുങ്ങാനും തല താഴ്ത്താനും ശ്രമിച്ചു. ശര്‍മ്മാജി ഒന്നും കാണാത്ത മട്ടില്‍ ഡ്രൈവിങ്ങില്‍ ശ്രദ്ധിച്ചു.

“അപ്പോള്‍ നീ ഒന്നു കുളിച്ച് വിശ്രമിക്ക്. വൈകിട്ട് എം.ജി. റോഡിലേക്കിറങ്ങാന്‍ നോക്ക്. ഞാന്‍ വൈകിട്ടു ഫോണ്‍ ചെയ്യാം”

“ശരി. ശര്‍മ്മാജീ…”

ശര്‍മ്മാജി വളവു തിരിഞ്ഞ് മറയും മുന്‍പ് ഓര്‍മ്മകളുടെ ബോംബുകള്‍ അയാള്‍ക്കു ചുറ്റും വീഴാന്‍ തുടങ്ങി.
                     *  *  * *                   * * * *                    * * * *
കുളിയും ഉറക്കവും കഴിഞ്ഞ് വൈകുന്നേരം വീണ്ടും ശര്‍മ്മാജിയെ കണ്ടപ്പോഴും  ക്ഷീണം വിട്ടു മാറിയിരുന്നില്ല. പോകേണ്ട സ്ഥലത്തെ പറ്റി രണ്ടാള്‍ക്കും സംശയമുണ്ടായില്ല. സ്ഥിരം ബാറിലേക്ക്. അന്നെന്തോ പതിവിലേറെ തിരക്കുണ്ടായിരുന്നു.
മദ്യക്കുപ്പിയുടെ രണ്ടറ്റത്തുമിരുന്ന് ബോറടിച്ചപ്പോള്‍ ശര്‍മ്മാജി തിരക്കി:

“നീ വല്ലതും എഴുതിയോ, നാളത്തെ എഡിഷനു വേണ്ടി?”

ശര്‍മ്മാജിക്ക് കാഷ്വല്‍ വസ്ത്രങ്ങളില്‍ കൂടുതല്‍ വയസ്സു തോന്നിച്ചു.

“ഇല്ല, ശര്‍മ്മാജി. ഇന്നു രാത്രി എഴുതി നാളെയേല്പിക്കാം. ഒപ്പം മിശ്ര സാറിനോട് ലീവിന്റെ കാര്യവും സംസാരിക്കണം.“

“ഓ തരാന്‍ മറന്നു, ഡമാസ്കസിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നു വാങ്ങിയതാ. പുരാതന സംസ്കൃതിയുടെ ഒരോര്‍മ്മയ്ക്ക്.”

“നന്ദി. യുദ്ധ ഭൂമിയില്‍ നിന്ന് പ്രാണനും കൊണ്ടോടുമ്പോഴും നിന്നെയേല്‍പ്പിച്ചതൊന്നും നീ മറക്കുന്നില്ല”

ശര്‍മ്മാജി ചിരിച്ചു. പിന്നെ രണ്ടു പേരും മിണ്ടാതിരുന്നു. ഇപ്പോള്‍ ബാറിനുള്ളിലെ തണുത്തു മങ്ങിയ ലൈറ്റുകള്‍ അയാള്‍ക്ക് കൂടുതല്‍ ആശ്വാസകരമായി  തോന്നി. ഫ്രൈ ചെയ്ത മാംസാഹാരവുമായി വെയിറ്റര്‍ കടന്നു വന്നു. മണവും ചൂടെണ്ണയുടെ സീല്ക്കാര ശബ്ദവും കേട്ട് അടുത്ത ടേബിളിലെ  ആള്‍ക്കാര്‍ തിരിഞ്ഞു നോക്കി. മാംസത്തിന്റെ ഗന്ധം പെട്ടെന്ന് ഓക്കാനം തോന്നിച്ചു. ഓര്‍മ്മകള്‍ തികട്ടി.

മദ്യം വീണ്ടും നിറച്ച് സോഡ ചേര്‍ക്കാതെ അകത്താക്കി കണ്ണുകള്‍ പൂട്ടി. ഓര്‍മ്മകള്‍ വെറും ഓര്‍മ്മക്കുറിപ്പുകള്‍ പോലെ നിര്‍ജ്ജീവമാകട്ടെ. മറവിയുടെ മേഘങ്ങള്‍ പഞ്ഞിക്കെട്ടുകള്‍ പോലെ നീലാകാശം കീഴടക്കട്ടെ.

ധ്യാനത്തിന്റെ ഒടുവില്‍ മനസ് പ്രളയത്തിലെ ആലില പോലെ വെറുതെ ഒഴുകാന്‍ തുടങ്ങി.

“നിനക്കെന്താ പ്രാന്തായോ” ശര്‍മ്മാജിയുടെ ശബ്ദം ബാറിലെ കലപിലയ്ക്കും മുകളിലായിരുന്നു.

കണ്ണു തുറന്ന് ശര്‍മ്മാജിയെ നോക്കി വെളുക്കനെ ചിരിച്ചു. പിന്നെ കുഴയുന്ന കൈ കൊണ്ട് ഫോര്‍ക്കെടുത്ത് മാംസക്കഷണങ്ങള്‍ കുത്തിയെടുത്ത് ചവയ്ക്കുമ്പോള്‍ രാത്രിയെഴുതേണ്ട ലേഖനത്തെപറ്റി മാത്രമായി ചിന്ത. അതെ, ഓര്‍മ്മകള്‍ ജഡങ്ങളായി, കുറിപ്പുകളായി മാത്രം പുനര്‍ജനിക്കട്ടെ. സ്വന്തം ലേഖകന് ഈയിടെ വായനക്കാര്‍ കൂടിയെന്ന് ശര്‍മ്മാജി ഇടയ്ക് എപ്പോഴൊ പുലമ്പിയെന്നു തോന്നുന്നു.

ബാറിലെ കലപില തുടര്‍ന്നു. മാധ്യമരംഗത്തെ ആഗോളവല്‍ക്കരണത്തെപറ്റിയും ഓഫീസില്‍ പുതിയതായി ജോലിക്കു ചേര്‍ന്ന മദാമ്മയെപറ്റിയും, ആത്മഹത്യ ചെയ്ത പഴയ കായിക താരത്തെപറ്റിയും ഒക്കെ ആവേശത്തോടെ ഇരുവരും സംസാരിച്ചു. കഥകള്‍ കേട്ട്, ഒരു കിഴവിയെപ്പോലെ, രാത്രി അവര്‍ക്കു ചുറ്റുമിരുന്നു.

അങ്ങകലെ ഒരായിരം മൈലുകള്‍ക്കുമകലെ കരുത്തന്മാര്‍ ബോംബാക്രമണം തുടര്‍ന്നു. പോര്‍വിമാനങ്ങളുടെ ഗര്‍ജ്ജനം നിലച്ചപ്പോഴേക്കും അവിടത്തെ തെരുവുകള്‍ക്ക് കരിഞ്ഞ പച്ചമാംസത്തിന്റെ ഗന്ധവും അറവുമാടിന്റെ അവസാനത്തെ ശബ്ദവുമായിരുന്നു. മരണത്തിന്റെ, മറവിയുടെ കൂടാരങ്ങള്‍ തേടി അഭയാര്‍ഥികള്‍ പലായനം തുടര്‍ന്നു.

Advertisements

അഭിപ്രായങ്ങള്‍»

1. കണ്ണൂസ്‌ - ജൂലൈ 26, 2006

ബൂലോഗത്തിനു ശരിക്കും ചിറകുകള്‍ വെച്ചിരിക്കുന്നു. കഴിഞ്ഞ 2-3 ദിവസങ്ങള്‍ക്കുള്ളില്‍ എത്ര നല്ല സൃഷ്ടികളാണ്‌ വായിക്കാന്‍ കിട്ടിയത്‌?

നന്നായി കൂമാ.. ഒട്ടൊന്ന് തിരക്കിട്ട്‌ അവസാനിപ്പിച്ച പോലെ ഒരു തോന്നലുണ്ടായെങ്കിലും..

2. parasparam - ജൂലൈ 26, 2006

നല്ല എഴുത്ത്..ലബനന്‍ യുദ്ധ നിഴലില്‍ സമകാലികത.കൂമനിലെ നല്ലയെഴുത്തുകാരന്‍ മരപൊത്തില്‍ നിന്നും പുറത്തേക്കിറങ്ങി വരിക.

3. kooman - ജൂലൈ 26, 2006

കണ്ണൂസേ, പരസ്പരമേ (ഷിബു?) പ്രോത്സാഹനത്തിന് വളരെ നന്ദി. സത്യം പറയാമല്ലോ, പുനര്‍വായനയില്‍ എനിക്കും തോന്നി എടുപിടീന്ന് കഥ അവസാനിച്ച പോലെ. സാഹിത്യത്തിന്റെ ഫ്രെയിം എനിക്കങ്ങോട്ട് വഴങ്ങുന്നില്ലെന്ന് സമ്മതിക്കാതെ വയ്യ.

4. കെവി - ഓഗസ്റ്റ് 2, 2006

പോര്‍വിമാനങ്ങളുടെ ഗര്‍ജ്ജനം നിലച്ചിട്ടില്ലെങ്കിലും, മാംസത്തിന്റെയും വെടിമരുന്നിന്റേയും ഗന്ധം തിങ്ങിനിറഞ്ഞു നില്ക്കുന്നുവെങ്കിലും, കഥ നന്നായി എന്നുതന്നെ പറയട്ടെ.

5. kooman - ഓഗസ്റ്റ് 2, 2006

നന്ദി കെവീ. മിസൈലില്‍ ചിത്രം വരച്ചു വിടുന്ന ഇസ്രായേലി കുട്ടികളുടെ ഫോട്ടോ ആരോ പോസ്റ്റ് ചെയ്തിരുന്നത് ഓര്‍ക്കുന്നു. കെവിയുടെ ബ്ലോഗില്‍ എഴുതിയ പോലെ ഹിംസ മനുഷ്യനു മാത്രം അവകാശപ്പെട്ട ബിരുദമാണ്. സ്വയരക്ഷയ്ക്കും ഭക്ഷണത്തിനും വേണ്ടിയല്ലാതെ മൃഗങ്ങള്‍ ഒരിക്കലും മനുഷ്യനോളം തരം താഴാറില്ല. ഈ സ്പീഷീസ് ശരിയല്ല തന്നെ.

6. daly - ഓഗസ്റ്റ് 3, 2006

അപ്പോള്‍ ഞാന്‍ എന്ത് എഴുതണം? ചിന്തിക്കനൊന്നും വയ്യാതയൊ എനിക്ക്? പാ‍ലായനങ്ങളും അഭയര്‍ത്ഥികളും.. കഥകള്‍ അനുഭവങ്ങളകുന്നില്ലല്ലൊ? അനുഭവങ്ങള്‍ എഴുത്തിനും അപ്പുറത്താണ്. ഒന്നു പറഞ്ഞത് വളരെയേരെ ശരി.“മറക്കണം, എങ്കിലേ ഓര്‍മ്മിക്കാനാകൂ. എഴുതാനുമാകൂ.“ അതെ മറക്കണം. എല്ലാം. എല്ലാം. എന്നീട്ട് പൊട്ടും പൊടിയും മാത്രം തപ്പിയെടുത്ത് പൊടിപ്പും തൊങ്ങലും സാഹിത്യമായി ചേര്‍ത്ത് എഴുതണം. ഞാന്‍ ഇപ്പോഴും കേള്‍ക്കുന്നു സൈറണുകള്‍. അങ്ങകലെ ലബനൊനിലൊ വടക്കന്‍ ഇസ്രയേലിലൊ നടക്കുന്ന സ്ഫോടനങ്ങളും. പക്ഷെ ഞാന്‍ കരുതട്ടെ അത് നാട്ടിലെ ദീപാവലിയുടെ പടക്കങ്ങളാണെന്ന്. ഇതൊരു സ്വപ്നമാണെന്നും. എനിക്കും എഴുതാ‍ന്‍ കഴിഞ്ഞേക്കും ഒരു കഥ.
ഇനി കഥയെകുറിച്ചു പറയട്ടെ. ലോകത്തിന്റെ ഒരു കോണില്‍ ഇരുന്നു അനുഭവിക്കുന്ന സങ്കടം പ്രതിഫലിക്കുന്നു. എന്നാലും ഒരു ലേഖന്‍ കഥാപത്രത്തിന്റെ അനുഭവങ്ങളുടെ ഓര്‍ത്തെടുക്കല്‍ വല്ലാതെ അപൂര്‍ണമാകുന്നു.

7. kooman - ഓഗസ്റ്റ് 3, 2006

നന്ദി സുഹൃത്തെ. വീണ്ടും വരികയും അഭിപ്രായങ്ങളറിയിക്കുകയും ചെയ്യുമല്ലോ.

8. InjiPennu - ഓഗസ്റ്റ് 3, 2006

എ? ഡാലിയാണോ അത്? ഡാലി സുഖമാണോ? വിശേഷങ്ങള്‍ എഴുതൂ…

9. അജ്ഞാതന്‍ - ഓഗസ്റ്റ് 3, 2006

എല്‍ജിയേ, കഥ കൂടി ഒന്നു വായിച്ചിട്ടു പോകെന്നേ..

10. കൂമന്‍ - ഓഗസ്റ്റ് 3, 2006

എല്‍ജിയേ, കഥ കൂടി ഒന്നു വായിച്ചിട്ടു പോകെന്നേ..

11. InjiPennu - ഓഗസ്റ്റ് 3, 2006

അയ്യൊ..വളരെ സോറി..(ന്റെ പേരു മാറ്റിയാണ് എന്നെ വിളിച്ചതെങ്കിലും).. ഞാന്‍ കഥ ടൈം എടുത്തു വായിക്കാന്ന് കരുതീട്ടാണ്..സോറി..പിന്നെ ഡാലിയെ കണ്ട സന്തോഷവും..കൂടി..

ദെ ഇപ്പോ വായിക്കാട്ടൊ..

12. ഇഞ്ചിപ്പെണ്ണ് - ഓഗസ്റ്റ് 3, 2006

ഉം…എന്താ പറയാ ? നമുക്കൊക്കെ മരപൊത്തു തന്നെ നല്ലത്,ല്ലേ? എഴുതുക ഇനിയും..

13. കൂമന്‍ - ഓഗസ്റ്റ് 3, 2006

സോറി, LG എന്നൊരു പേരാണ് ഉപയോഗിച്ചിരുന്നത് എന്നു കരുതി മാറ്റിയതാണ്. പിന്നെ ഒരാളെ കയറി ഇഞ്ചിപ്പെണ്ണേ എന്നൊക്കെ എങ്ങനാ വിളിക്കുക എന്നു വിചാരിച്ചിട്ടാണ്. എന്തായാലും വന്നതിലും വായിച്ചതിലും സന്തോഷം. വീണ്ടും വരിക.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: