jump to navigation

മതമേതായാലും ….. ജൂലൈ 13, 2006

Posted by Sudhir in രാഷ്ട്രീയം.
trackback

ന്യൂനപക്ഷ സ്വാശ്രയ കോളേജ് വിവാദം തുടരുന്നു. വാദം ഹൈക്കോടതിയിലുമാണ്. (വല്ലതുമൊക്കെ പരസ്യമായി മിണ്ടിയാല്‍ കോടതിയലക്ഷ്യമാവുമോ ആവോ! നമ്മുടെയോരോ തലതിരിഞ്ഞ നിയമങ്ങളേ!)

മതന്യൂനപക്ഷവും മത ഭൂരിപക്ഷവും എന്ന് ജനതയെ വിഭജിക്കുന്നതിന്റെ പ്രസക്തി,  ന്യൂനപക്ഷത്തെ നിര്‍വചിക്കുന്ന രീതി എന്നിവയെപ്പറ്റിയൊക്കെ ഒന്നുറക്കെ ചിന്തിക്കട്ടെ. ജാതിപ്പേരുകളും മതവും ഒക്കെ പരാമര്‍ശ്ശിക്കുന്നത് നമ്മുടെ ചിന്താശക്തിയെ പുറകോട്ടു വലിക്കാനോ ഒന്നുമല്ല, മറിച്ച് സമകാലീന സാഹചര്യത്തെ വിശദീകരിക്കാന്‍ മാത്രമാണ്.

ആരാണ് മതന്യൂനപക്ഷം? മതത്തിന്റെ പേരിലുള്ള ജനസംഖ്യാ കണക്കനുസരിച്ച്  ഏറ്റവും മുന്നില്‍ നില്‍ക്കാത്തവരൊക്കെ ന്യൂനപക്ഷമാണെന്നു വേണമെങ്കില്‍ പറയാം. അങ്ങനെ നോക്കുമ്പോള്‍ ക്രൈസ്തവരും മുസ്ലീം മതസ്ഥരും സിക്കുകാരും ഒക്കെ ന്യൂനപക്ഷങ്ങള്‍ തന്നെ. ഹിന്ദു മതത്തില്‍ (അങ്ങനെ ഒരു വ്യവസ്ഥാപിത മതമുണ്ടോ?) ജനിച്ചവര്‍ ഭൂരിപക്ഷ സമുദായത്തില്‍ പെട്ടവരും. ഇനി ന്യൂനപക്ഷമായ ക്രൈസ്തവരില്‍ തന്നെ പല വിഭാഗങ്ങളുണ്ട്. അവരെയെല്ലാം ചേര്‍ത്ത് ഒരു വിഭാഗമായി കാണുന്നത് ശരിയോ എന്നറിയില്ല. ഹൈന്ദവരിലേക്കെത്തുമ്പോള്‍ ഈ വേര്‍തിരിവു കൂടുതല്‍ രൂക്ഷമാവുന്നു. സാമൂഹ്യമായി മുന്നില്‍ നില്‍ക്കുന്ന നമ്പൂതിരിയെയും പട്ടിക ജാതിയില്‍പ്പെട്ട പാവങ്ങളെയും ഒരുമിച്ചു നിര്‍ത്തി ഭൂരിപക്ഷം എന്ന ഒറ്റ വിളിപ്പേരു കൊടുക്കുന്നത് മാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ അക്രമമാണ്. സാമൂഹ്യമായി വ്യതിരിക്തമായ ഓരോ വിഭാഗത്തെയും വേറിട്ടു കണക്കെടുത്തിട്ട് ആര്‍ ഭൂരിപക്ഷം, ആര്‍ ന്യൂനപക്ഷം എന്നൊക്കെ തീരുമാനിക്കുന്നതാണ് കൂടുതല്‍ ശരിയെന്നു തോന്നുന്നു. അങ്ങനെ ലത്തീന്‍ കത്തോലിക്കര്‍‌ , സിറിയന്‍ കത്തോലിക്കര്‍ , മുസ്ലീമുകള്‍ , ഈഴവര്‍ , മുന്നോക്ക സമുദായങ്ങള്‍ , പട്ടിക ജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ എന്നൊക്കെ വേര്‍തിരിച്ച് കണക്കെടുക്കേണ്ടി വരും, ആരു ന്യൂനം, ആര് അന്യൂനം എന്നൊക്കെ തെളിയിക്കാന്‍ . വെറുതെ മതത്തിന്റെ മാത്രം പേരില്‍ , സാമൂഹ്യാവസ്ഥകള്‍ കണക്കിലെടുക്കാതെ ഈ വേര്‍തിരിവുകള്‍ സൃഷ്ടിക്കരുത്.

ആര്‍ക്കൊക്കെ ന്യൂനപക്ഷത്തിന്റെ പ്രത്യേക അവകാശങ്ങള്‍ നല്‍കേണ്ടതുണ്ട്? അതിന്റെ മാനദണ്ഡമെന്ത്? ജനസംഖ്യാടിസ്ഥാനത്തില്‍ അല്പം പിന്നോട്ടായതു കൊണ്ടു മാത്രം ഒരു സമുദായത്തിന് അത്തരം പ്രത്യേകാവകാശങ്ങള്‍ പതിച്ചു നല്‍കാമോ? സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയുണ്ടെങ്കിലല്ലേ അത്തരം പ്രത്യേകാവകാശങ്ങള്‍ നല്‍കേണ്ടത്? അത്തരത്തില്‍ നോക്കിയാല്‍ ദളിതനും ആദിവാസിക്കും ഒക്കെയല്ലേ ഏറ്റവും കൂടുതല്‍ പ്രത്യേക അവകാശങ്ങള്‍ കൊടുക്കേണ്ടത്? ഇസ്ലാം മതസ്ഥരുടെ കാര്യത്തില്‍ ഒരളവു വരെ ശരിയെങ്കിലും, ക്രൈസ്തവര്‍ വിദ്യാഭ്യാസപരമായോ സാമൂഹ്യമായോ പിന്നോക്കാവസ്ഥയുള്ള മത ന്യൂനപക്ഷമാകുമോ?

ഇനി ഓരോരോ സമുദായത്തിലെ പണച്ചാക്കുകളും തുടങ്ങുന്ന സ്വാശ്രയ കോളേജുകളെപ്പറ്റിയും നോക്കാം. മതന്യൂനപക്ഷങ്ങള്‍ തുടങ്ങുന്ന സ്വാശ്രയ കോളേജുകള്‍ ആ സമുദായത്തിന്റെ പാവപ്പെട്ടവന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുമോ? പോട്ടെ, ആരുടെയെങ്കിലും പിന്നോക്കാവസ്ഥക്കു പരിഹാരമാവുമോ? മതത്തിനും ജാതിക്കുമപ്പുറം സാമൂഹ്യമായും സാമ്പത്തികമായും പിന്‍‌നിരയില്‍ പെട്ടു പോയവരാണ് ബഹു ഭൂരിപക്ഷവും. ധനിക പ്രമാണിമാരാകട്ടെ വിരലിലെണ്ണാവുന്ന ന്യൂനപക്ഷവും. ഈ ന്യൂനപക്ഷമല്ലേ പ്രത്യേകാവകാശങ്ങളും, അധികാരം പോലും സദാ കൈയ്യാളുന്നത്?  ചോദ്യങ്ങള്‍ നിരവധിയാണ്.

സമുദായത്തിന്റെ പേരില്‍ പണം പിടുങ്ങാനിറങ്ങിയ കച്ചോടക്കാരെ കുളിപ്പിച്ച് നിറുത്തി കേരള സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ ബില്ലിനെതിരെ ആക്രോശിക്കുന്ന ദീപികാദി മാധ്യമവീരന്മാരുടെ താല്പര്യവൈരുദ്ധ്യങ്ങള്‍ (conflict of interest) കണ്ടില്ലെന്നു നടിക്കരുത്. ഇതെപ്പറ്റിയൊക്കെ വിരല്‍ ചൂണ്ടുന്ന സുകുമാര്‍ അഴീക്കോടിന്റെ ഒരു ലേഖനം ഇന്നലത്തെ ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. “ഛായ്! ദേശാഭിമാനി!“ എന്നു പുഛിക്കുന്നവരും, “ഹായ് ദേശാഭിമാനി!“ എന്ന് തെള്ളുന്നവരും ഒരു പോലെ വായിക്കേണ്ട ഒന്നാണത്. ഈ കുറിപ്പെഴുതാന്‍ വളരെ സഹായിച്ച ആ ലേഖനം ഇതാ ഇവിടെ.

Advertisements

അഭിപ്രായങ്ങള്‍»

1. P.M.Kamalasanan - ജൂലൈ 14, 2006

Where is the basic mistake , Govt given me the driving licence , nothing like dont kill the persons/animels not stamped in the licence.But i am supposed to follow the common rulles otherwise i will loose my licence even if i belong to MINORITY or will our sociaty support a minority driving licence.
The present trend is that globel market , a community which is majority in the wold is not the minority and this problem can be solved by allowing more and more colleages with a clear agreement
1. 50% is govt seat and only govt fee is chargeable
2. 50% is the management seat but under mareket fee
This will make KERALA one of the Education HUB in the wold

2. kooman - ജൂലൈ 14, 2006

കമലാസനാ,
വിദ്യാഭ്യാസം വിപണിയുടെ ക്രൂര നിയമങ്ങളാല്‍ നിശ്ചയിക്കപ്പെടരുത് എന്നു വിശ്വസിക്കുന്ന ആളാണു ഞാന്‍ . സ്‌റ്റോക്ക് മാര്‍ക്കറ്റു പോലെയോ ഡിറ്റര്‍ജെന്റു പൊടി പോലെയല്ല വിദ്യാഭ്യാസം. ഒരു തൊഴില്‍ മേഖലയിലും ആവശ്യത്തിലധികം ഉല്പാദിപ്പിക്കുന്നത് തൊഴിലില്ലായ്മ വല്ലാതെ വര്‍ദ്ധിപ്പിക്കുകയും വേതനം അന്യായമായ തോതില്‍ കുറക്കുകയും ചെയ്യും. ആത്യന്തികമായി വിപണി നിയമങ്ങള്‍ ഈ സപ്ലൈ/ഡിമാന്‍ഡ് അന്തരം നികത്തുമെങ്കിലും ലക്ഷക്കണക്കിനു ചെറുപ്പക്കാരെ അതിനകം തൊഴിലില്ലാത്തവരായി മാറ്റിയിട്ടുണ്ടാകും.

ഇന്നു നിലവിലുള്ളത് ശരിയായ ആഗോളവല്‍കൃത വ്യവസ്ഥയൊന്നുമല്ല. ഉല്‍പ്പന്നങ്ങളും അന്താരാഷ്ട്ര മൂലധനവും അതിര്‍ത്തി കടന്നെത്തി എന്നല്ലാതെ തൊഴില്‍ മേഖലയുടെ ആഗോളവല്‍ക്കരണമോ ഒന്നും അജണ്ടയിലില്ല. ഒട്ടേറെ തല്ലും പിടിയുമുണ്ടാക്കുന്ന ഔട്ട് സോഴ്സിങ് പോലും തൊഴിലുടമയ്ക്കു ലാഭത്തിനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ മാത്രമേ നടപ്പാക്കപ്പെടുന്നുള്ളു. ഐ.ടി മേഖലയ്ക്കപ്പുറമുള്ള തൊഴില്‍ മേഖലകളാണ് ഞാന്‍ ഉദ്ദേശിച്ചത്.

1. തൊഴിലവസരങ്ങളുടെ ആഗോളവല്‍ക്കരണം
2. തൊഴില്‍ നിയമങ്ങളുടെ സാര്‍വ്വദേശീയവല്‍ക്കരണം
3. പാരിസ്ഥിതിക നിയമങ്ങളുടെ സാര്‍വ്വദേശീയ വല്‍ക്കരണം
4. സമ്പന്ന രാജ്യങ്ങളിലെ സബ്‌സിഡികളുടെ നിര്‍മ്മാര്‍ജ്ജനം
5. തൊഴില്‍ ഉടമകള്‍ അതിര്‍ത്തി കടന്നു വരുന്നതു പോലെ നമ്മുടെ തൊഴിലാളികള്‍ക്ക് (ഐടി/നഴ്സിങ് മാത്രമല്ല) അതിര്‍ത്തി കടന്ന് തൊഴില്‍ നേടാനുള്ള സാഹചര്യം.

എന്നിങ്ങനെ ഒട്ടനവധി മേഖലകളിലെ ആഗോളീകരണമില്ലാതെ നടപ്പാക്കപ്പെടുന്ന വ്യവസ്ഥകളൊക്കെ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ ആഗോളീകരണത്തിനും അപ്പുറം ഒന്നും പോവുകയില്ല എന്നാണ് എന്റെ എളിയ അഭിപ്രായം. പറഞ്ഞു പറഞ്ഞ് കാടു കയറി. എന്തൊക്കെയായാലും വിദ്യാഭ്യാസ രംഗത്തെ സ്വാശ്രയവല്‍ക്കരണം അതിരു കടന്നു പോയി എന്നാണെന്റെ അഭിപ്രായം.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: